ദുബായി: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സിന്‍റെ വിജയ ലക്ഷ്യം. 53 റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി എടുത്ത ഓസ്‌ട്രേലിയന്‍ മധ്യനിര താരം മാര്‍ക്കസ് സ്റ്റോണിയസിന്‍റെ കരുത്തിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ആറാമനായി ഇറങ്ങിയ സ്റ്റോണിയസ് വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. 21 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓസിസ് താരത്തിന്‍റെ ഇന്നിങ്സ്.
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കിങ്സ് ഇലവന് വേണ്ടി മുഹമ്മദ് ഷമി പേസ് ആക്രമണം നടത്തി. ഐപിഎല്‍ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ഷമി 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
അഞ്ച് റണ്‍സെടുത്ത ഡല്‍ഹിയുടെ ഓപ്പണര്‍ പ്രിഥ്വീ ഷായും മൂന്നാമനായി ഇറങ്ങി ഏഴ് റണ്‍സെടുത്ത ഹിറ്റ് മെയറും, നായകന്‍ ശ്രേയസ് അയ്യരുമാണ് ഷമിയുടെ പേസ് ആക്രമണത്തിന്‍റെ ചൂടറിഞ്ഞ് പുറത്തായത്. ഒരു ഘട്ടത്തില്‍ 32 പന്തില്‍ 39 റണ്‍സെടുത്ത് ശ്രേയസ് കളി തിരിച്ചു പിടിക്കുമെന്ന് തോന്നിച്ച അവസരത്തിലാണ് ഷമിയുടെ പന്തില്‍ പുറത്തായത്. ജോര്‍ദാന് ക്യാച്ച് വഴങ്ങിയാണ് ശ്രേയസ് കൂടാരം കയറിയത്.
ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും ചേര്‍ന്ന് 73 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഒരുഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 13 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ ഡല്‍ഹിയെ ഇരുവരും ചേര്‍ന്നാണ് കരകയറ്റിയത്. രവി ബിഷ്‌ണോയിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 29 പന്തില്‍ 31 റണ്‍സെടുത്ത റിഷഭിനെ രവി ബിഷ്‌ണോയി ബൗള്‍ഡാക്കി. ബിഷ്‌ണോയിയെ കൂടാതെ ഷെല്‍ഡന്‍ കോട്ടോറെല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.