ഷാർജ : ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ആവേശം. ഐപിഎല്‍ അങ്ങനെയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ സൺറൈസേഴ്‌സ് ഹൈദരാബാദിന് പ്ലേഓഫിലെത്താം. പരാജയപ്പെട്ടാല്‍ പുറത്ത്. ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസാണ് എതിരാളികൾ. നവംബർ അഞ്ചിന് നടക്കുന്ന ആദ്യ പ്ലേ ഓഫ് ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസിന് ഇന്ന് ജയിച്ച് വിജയപരമ്പര തുടരാനാകും ആഗ്രഹം.
ഇന്ന് ജയിച്ചാല്‍ പ്ലേഓഫില്‍, അല്ലെങ്കില്‍ പുറത്ത്: സൺറൈസേഴ്‌സിന് ജീവൻ മരണ പോരാട്ടം - ഐപിഎൽ 2020 മാച്ച് 56
സൺറൈസേഴ്‌സിന് ഇന്ന് ജയിച്ചാല്‍ കൊല്‍ക്കത്തയെ മറികടന്ന് പ്ലേഓഫിലെത്താം. തോറ്റാല്‍ അഞ്ചാം സ്ഥാനക്കാരായി ടൂർണമെന്‍റില്‍ നിന്ന് മടങ്ങാം.
എന്നാല്‍ സൺറൈസേഴ്‌സിന്‍റെ സ്ഥിതി അങ്ങനെയല്ല. ഇന്ന് ജയിച്ചാല്‍ കൊല്‍ക്കത്തയെ മറികടന്ന് പ്ലേഓഫിലെത്താം. തോറ്റാല്‍ അഞ്ചാം സ്ഥാനക്കാരായി ടൂർണമെന്‍റില്‍ നിന്ന് മടങ്ങാം. കഴിഞ്ഞ മത്സരങ്ങളില്‍ ജയിച്ച അതേടീമിനെ തന്നെയാകും ഹൈദരാബാദ് ഇന്ന് കളത്തിലിറക്കുക. ഫോമിലെത്തിയ വൃദ്ധിമാൻ സാഹ, ജേസൺ ഹോൾഡർ, സന്ദീപ് ശർമ എന്നിവരാകും നായകൻ വാർണറുടെ പ്രതീക്ഷ. എല്ലാ മത്സരങ്ങളിലും തിളങ്ങുന്ന റാഷിദ് ഖാൻ, മനീഷ് പാണ്ഡെ എന്നിവർ കൂടി ചേരുമ്പോൾ ഹൈദരാബാദിന് പ്രതീക്ഷയുണ്ട്.
ടൂർണമെന്‍റില്‍ ഏറ്റവും മികച്ച വിന്നിങ് കോമ്പിനേഷനാണ് മുംബൈ ടീമിനുള്ളത്. നായകൻ രോഹിത് ശർമ കളിക്കുന്നില്ലെങ്കിലും മുംബൈ നിരയില്‍ ആശയക്കുഴപ്പമില്ല. മികച്ച ഫോമിലുള്ള ഡി കോക്കിന് പകരം വെടിക്കെട്ട് വീരൻ ക്രിസ് ലിന്നിന് മുംബൈ ഇന്ന് അവസരം നല്‍കിയേക്കും. ട്രെന്‍റ് ബോൾട്ട്, ജസ്‌പ്രീത് ബുംറ എന്നിവർക്ക് വിശ്രമം നല്‍കിയാല്‍ മിച്ചല്‍ മഗ്‌ളനാഗൻ, ധവാല്‍ കുല്‍ക്കർണി എന്നിവർ ടീമിലെത്തും. ഇരു ടീമുകളും ഈ ഐപിഎല്ലില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോൾ മുംബൈ ഇന്ത്യൻസിനായിരുന്നു ജയം.