ദുബായില്‍ ഇന്നും സഞ്ജു വെടിക്കെട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം തേടി രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുമ്പോള്‍ സഞ്ജു സാംസണിന്‍റെ പ്രകടനം ടീമിന് നിര്‍ണായകമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന്‍റെ എതിരാളികള്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ സഞ്ജുവിന്‍റെ പ്രകടനം രാജസ്ഥാന് നിര്‍ണായകമായിരുന്നു.
ചെന്നൈക്ക് എതിരായ ആദ്യ മത്സരത്തില്‍ 32 പന്തില്‍ 74 റണ്‍സും കിങ്സ് ഇലവന് എതിരായ രണ്ടാമത്തെ മത്സരത്തില്‍ 42 പന്തില്‍ 85 റണ്‍സെടുത്തും സഞ്ജു തിളങ്ങി. രണ്ടാമത്തെ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ സഞ്ജു സെഞ്ച്വറി സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും ഷമിയുടെ ബൗണ്‍സറില്‍ കുരുങ്ങി പുറത്താവുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളും താരതമ്യേന ചെറിയ സ്റ്റേഡിയമായ ഷാര്‍ജയിലായിരുന്നു. ഇത്തവ ദുബായിലാണെന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലര്‍ മാത്രമെ ഇനി രാജസ്ഥാന്‍റെ ബാറ്റിങ് മുന്‍ നിരയില്‍ തിളങ്ങാന്‍ ബാക്കിയുള്ളൂ. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ബട്‌ലര്‍ നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു.
നായകന്‍ സ്റ്റീവ് സ്‌മിത്തും മധ്യനിരയില്‍ തെവാട്ടിയയും ഇതിനകം താളം കണ്ടെത്തി കഴിഞ്ഞു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിവുള്ള ടീമായി സ്റ്റീവ് സ്‌മിത്തും കൂട്ടരും ഇതിനകം മാറി കഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ കിങ്സ് ഇലവന്‍ ഉയര്‍ത്തിയ 224 റണ്‍സെന്ന വിജയ ലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ നാല് വിക്കറ്റിന് രാജസ്ഥാന്‍ മറികടന്നിരുന്നു. ജോഫ്ര ആര്‍ച്ചറും ടോം കറാനും ശ്രേയസ് ഗോപാലും ഉള്‍പ്പെടുന്ന ബൗളിങ് നിരയും മോശമല്ലാത്ത പ്രകടനമാണ് ഇതേവരെ കാഴ്‌ചവെച്ചത്.