ഷാര്‍ജ: വിശ്വരൂപം പുറത്തെടുത്ത മിസ്‌റ്റര്‍ 360 എ.ബി ഡിവില്ലേഴ്‌സിന്‍റെ ബാറ്റിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 82 റണ്‍സിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്‌ത് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ബാംഗ്ലൂര്‍ നേടിയെടുത്ത 194 റണ്‍സിനെതിരെയുള്ള കൊല്‍ക്കത്തയുടെ ബാറ്റിങ് ഒമ്പത് വിക്കറ്റിന് 112 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ മൂന്നാമതെത്തി. ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയന്‍റാണ് കോലിപ്പടയുടെ സമ്പാദ്യം. അത്ര തന്നെ കളിയില്‍ നിന്ന് എട്ട് പോയന്‍റുള്ള കൊല്‍ക്കത്ത പട്ടികയില്‍ നാലാമതാണ്.
എബിഡി മാജിക്കില്‍ ബാംഗ്ലൂര്‍; കൊല്‍ക്കത്തയ്‌ക്കെതിരെ 82 റണ്‍സിന്‍റെ ജയം
ആദ്യം ബാറ്റ് ചെയ്‌ത് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ബാംഗ്ലൂര്‍ നേടിയെടുത്ത 194 റണ്‍സിനെതിരെയുള്ള കൊല്‍ക്കത്തയുടെ ബാറ്റിങ് ഒമ്പത് വിക്കറ്റിന് 112 റണ്‍സില്‍ അവസാനിച്ചു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാഗ്ലൂരിന് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും (37 പന്തില്‍ 47) ദേവ്ദത്ത് പടിക്കലും (23 പന്തില്‍ 32) മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടപെടാതെ 47 റണ്‍സ് കോലിപ്പട അടിച്ചെടുത്തു. ഓപ്പണര്‍മാര്‍ പുറത്തായതിന് പിന്നാലെ റണ്‍നിരക്ക് കുറഞ്ഞെങ്കിലും ഡിവില്ലിയേഴ്‌സിന്‍റെയും കോലിയുടെയും മികച്ച പ്രകടനം ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. 33 പന്തുകള്‍ നേരിട്ട് 5 സിക്‌സും 6 ഫോറുമടക്കം 73 റണ്‍സോടെ ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നു. 28 പന്തില്‍ 33 റണ്‍സുമായി കോലി മികച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ ഡിവില്ലേഴ്‌സ് - വിരാട് കോലി സഖ്യം 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന അഞ്ച് ഓവറില്‍ 83 റണ്‍സെടുത്ത സഖ്യം ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു.
മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്‌ക്ക് പൊരുതി നോക്കാൻ പോലും കഴിഞ്ഞില്ല. സുനില്‍ നരൈയ്‌ന് പകരം ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ച ടോം ബാന്‍റണ് കാര്യമായി ഒന്നും ചെയ്യാനായില്ല. നാലാം ഓവറില്‍ കൊല്‍ക്കത്തയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. പിന്നാലെ വന്നവരും അധികം വൈകാതെ കൂടാരം കയറി. നിതീഷ് റാണയും, ശുഭാമാൻ ഗില്ലും, ദിനേഷ് കാര്‍ത്തിക്കും രണ്ടക്കം കാണാതെ മടങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ 64 റണ്‍സെത്തിയപ്പോഴേക്കും കൊല്‍ക്കത്തയുടെ അഞ്ച് മുൻനിര ബാറ്റ്സ്‌മാൻമാര്‍ കീഴടങ്ങി. ബാംഗ്ലൂരിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് നേടി. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്‍റെ പ്രകടനം നിര്‍ണായകമായി. കിങ്സ് ഇലവൻ പഞ്ചാബാണ് ബാംഗ്ലൂരിന്‍റെ അടുത്ത എതിരാളികള്‍. വ്യാഴാഴ്‌ച ഷാര്‍ജയിലാണ് മത്സരം. വെള്ളിയാഴ്‌ച മുംബൈയ്‌ക്കെതിരെ അബുദബിയിലാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.