ദുബായി: യുവ ദേവ്ദത്ത് പടിക്കലിന്‍റെയും എബി ഡിവില്ലിയേഴ്സിന്‍റെയും അര്‍ദ്ധസെഞ്ച്വറികളുടെ ബലത്തില്‍ ജയിച്ച് തുടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 19.4 ഓവറില്‍ 153 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. 10 റണ്‍സിനാണ് കോലിയുടെയും കൂട്ടരുടെയും ജയം. ഒരു ഘട്ടത്തില്‍ 121 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ ശക്തമായിരുന്ന ഹൈദരാബാദിനെ സ്‌പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിന്‍റെ നേതൃത്വത്തില്‍ ആര്‍സിബി കൂടാരം കയറ്റുകയായിരുന്നു. ചാഹല്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 61 റണ്‍സെടുത്ത ജോണി ബ്രിസ്റ്റോയെ ചാഹല്‍ ക്ലീന്‍ ബൗള്‍ഡാക്കിയതാണ് കളിയില്‍ വഴിത്തിരിവായത്. ബ്രിസ്റ്റോയെ കൂടാതെ 34 റണ്‍സെടുത്ത മനീഷ് പാണ്ഡയും 12 റണ്‍സെടുത്ത പ്രിയം ഗാര്‍ഗും മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്നത്.
മൂന്ന് വിക്കറ്റെടുത്ത് കളിയിലെ താരമായ ചാഹലിനെ കൂടാതെ ശിവം ദുബെ, നവദീപ് സെയ്‌നി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഡെയില്‍ സ്റ്റെയിന്‍ ഒരു വിക്കറ്റും വീഴ്‌ത്തി.