അബുദാബി: തുടർച്ചയായ ഏഴാം ജയമെന്ന പഞ്ചാബിന്‍റെ സ്വപ്നത്തെ തകർത്ത് രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം. തകര്‍ത്തടിച്ച് ബെന്‍ സ്റ്റോക്‌സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍റെ ജയം. ഇതോടെ രാജസ്ഥാൻ പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. ഗെയ്‌ലിന്‍റെ കരുത്തിൽ പഞ്ചാബ് ഉയര്‍ത്തിയ 186 വിജയലക്ഷ്യം രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നുവിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്നു.
ഓപ്പണർ ബെൻ സ്റ്റോക്സ് നേടിയ ഒരേയൊരു അർധസെഞ്ചുറി മാത്രമാണ് രാജസ്ഥാന്‍റെ ഇന്നിങ്സിലുള്ളത്. സ്റ്റോക്സ് 26 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 50 റൺസെടുത്ത് പുറത്തായി. മികച്ച ഫോമിലായിരുന്ന മലയാളി താരം സഞ്ജു സാംസൺ 25 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 48 റൺസെടുത്തു. അർഹിച്ച അർധസെഞ്ചുറിയിലേക്ക് നീങ്ങിയ സഞ്ജു റണ്ണൗട്ടായി. റോബിൻ ഉത്തപ്പയാണ് (23 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 30) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (20 പന്തിൽ അഞ്ച് ഫോറുകൾ സഹിതം പുറത്താകാതെ 31), ജോസ് ബട്‌ലർ (11 പന്തിൽ പുറത്താകാതെ 22) എന്നിവർ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. രണ്ടു വിക്കറ്റ് വീഴ്ത്തുകയും, അർധസെഞ്ചുറി തികയ്ക്കുകയും ചെയ്ത ബെൻ സ്റ്റോക്സാണ് കളിയിലെ കേമൻ. പഞ്ചാബിനായി മുരുകൻ അശ്വിൻ, ക്രിസ് ജോർദാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.