കേരളം

kerala

ETV Bharat / sports

രാജസ്ഥാന് ജയിച്ചേ തീരൂ: കോലിക്ക് കഴിഞ്ഞ കളിയിലെ ക്ഷീണം തീർക്കണം

കഴിഞ്ഞ മത്സരത്തില്‍ കിംഗ്‌സ്‌ ഇലവൻ പഞ്ചാബിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ട ബാംഗ്ലൂരും ഡല്‍ഹിയോട് 13 റൺസിന് തോറ്റ രാജസ്ഥാനും ജയത്തോടെ ടൂർണമെന്‍റ് പ്രതീക്ഷകൾ സജീവമാക്കാനാകും ഇന്നിറങ്ങുന്നത്.

Rajasthan Royals vs Royal Challengers Bangalore IPL 2020
രാജസ്ഥാന് ജയിച്ചേ തീരൂ: കോലിക്ക് കഴിഞ്ഞ കളിയിലെ ക്ഷീണം തീർക്കണം

By

Published : Oct 17, 2020, 11:05 AM IST

ദുബായ്: ഐപിഎല്‍ പോരാട്ടം കനക്കുമ്പോൾ ടീമുകൾ ഇനി കളത്തിലിറങ്ങുന്നത് പ്ലേഓഫ് ലക്ഷ്യമിട്ട്. ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കി ടീമുകൾ രണ്ടാം റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ ജയപരാജയങ്ങൾ നിർണായകം. ഇന്ന് ദുബായില്‍ രാജസ്ഥാൻ റോയല്‍സ് ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടുമ്പോൾ ഇരുടീമുകളും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. അന്ന് എട്ട് വിക്കറ്റിനാണ് ബാംഗ്ലൂർ ജയിച്ചു കയറിയത്.

എട്ട് കളികളില്‍ നിന്ന് അഞ്ച് ജയവുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂരിന് ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്താം. അതേസമയം പരാജയപ്പെട്ടാല്‍ തൊട്ടുപിന്നിലുള്ള കൊല്‍ക്കത്ത, സൺറൈസേഴ്‌സ് എന്നിവരുടെ അടുത്ത മത്സര ഫലങ്ങൾ നിർണായകമാകും. അതേസമയം, ടൂർണമെന്‍റില്‍ ജയത്തോടെ തുടങ്ങിയ രാജസ്ഥാൻ പിന്നീടുള്ള മത്സരങ്ങളില്‍ പരാജയം രുചിക്കുകയായിരുന്നു.

എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമുള്ള രാജസ്ഥാൻ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. പ്ലേഓഫിലെത്താൻ രാജസ്ഥാന് ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിക്കേണ്ട സാഹചര്യമാണുള്ളത്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ദേവ്‌ദത്ത് പടിക്കല്‍ എന്നിവർ മാത്രമാണ് ബാംഗ്ലൂർ ബാറ്റിങ് നിരയില്‍ ഫോമിലുള്ളത്. ഓപ്പണിങില്‍ ആരോൺ ഫിഞ്ച്, മധ്യനിരയില്‍ ശിവം ദുബെ, വാഷിങ്ടൺ സുന്ദർ എന്നിവർ ബാറ്റിങില്‍ ഫോമിലെത്തിയാല്‍ മാത്രമേ ബാംഗ്ലൂരിന് വിജയത്തുടർച്ച സാധ്യമാകൂ. ബൗളിങില്‍ ഇന്ന് മുഹമ്മദ് സിറാജിന് പകരം സ്പിന്നർ ഷഹബാസ് അഹമ്മദിന് അവസരം നല്‍കിയേക്കും. ക്രിസ് മോറിസ്, നവദീപ് സെയ്‌നി, ഇസിരു ഉഡാന എന്നിവർ നയിക്കുന്ന പേസ് നിര നായകൻ കോലിക്ക് ആശ്വാസം നല്‍കുന്നുണ്ട്. യുസ്‌വേന്ദ്ര ചാഹലിനൊപ്പം വാഷിങ്ടൺ സുന്ദർ കൂി ചേരുമ്പോൾ ബാംഗ്ലൂരിന്‍റെ ബൗളിങ് നിര ശക്തമാണ്.

അതേസമയം ബാറ്റിങ് പൊസിഷനില്‍ ഇതുവരെയും കൃത്യമായ സ്ഥാനം നിശ്ചയിക്കാൻ കഴിയാതെ വലയുകയാണ് രാജസ്ഥാൻ റോയല്‍സ്. നായകൻ സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, എന്നിവർ ഓപ്പണിങ്ങില്‍ പലതവണ പരീക്ഷണം നടത്തിക്കഴിഞ്ഞു. ജോസ് ബട്‌ലർക്കൊപ്പം സ്ഥിരമായ ഓപ്പണിങ് പങ്കാളിയെ കണ്ടെത്താൻ അവർക്കായിട്ടില്ല. സഞ്ജു സാംസൺ ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങിയെങ്കിലും പിന്നീട് ഉത്തരവാദിത്തമില്ലാതെ കളിക്കുന്ന അവസ്ഥയാണ്. മധ്യ നിരയില്‍ സമ്പൂർണ പരാജയമായ റോബിൻ ഉത്തപ്പയ്ക്ക് പകരം മനൻ വോഹ്‌റയെ ഇന്ന് പരീക്ഷിച്ചേക്കും. റിയാൻ പരാഗും രാഹുല്‍ തെവാത്തിയയും തിളങ്ങുന്ന മത്സരങ്ങളില്‍ മാത്രം ജയിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ രാജസ്ഥാൻ.

ബൗളിങില്‍ ജോഫ്ര ആർച്ചർ തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോൾ പിന്തുണ നല്‍കാൻ ആളില്ലാത്തതാണ് റോയല്‍സിന്‍റെ പ്രശ്നം. ജയ്‌ദേവ് ഉനദ്‌കട്, കാർത്തിക് ത്യാഗി എന്നിവർ ആർച്ചർക്കൊപ്പം പേസ് നിര കൈകാര്യം ചെയ്യും. ഫോം നഷ്‌ടമായ ശ്രേയസ് ഗോപാലിന് പകരം മായങ്ക് മാർക്കണ്ഡെ ഇന്ന് രാജസ്ഥാന് വേണ്ടി കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ കിംഗ്‌സ്‌ ഇലവൻ പഞ്ചാബിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ട ബാംഗ്ലൂരും ഡല്‍ഹിയോട് 13 റൺസിന് തോറ്റ രാജസ്ഥാനും ജയത്തോടെ ടൂർണമെന്‍റ് പ്രതീക്ഷകൾ സജീവമാക്കാനാകും ഇന്നിറങ്ങുന്നത്.

ABOUT THE AUTHOR

...view details