ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിലെ 23-ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാൻ റോയല്‍സിന് 185 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡല്‍ഹി എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 184 റൺസെടുത്തു. ഷിമ്രോൺ ഹെറ്റ്‌മയറും മാർക്കസ് സ്റ്റോയിണിസും മാത്രമാണ് ഡല്‍ഹി ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്.
ഡല്‍ഹിക്കെതിരെ രാജസ്ഥാൻ റോയല്‍സിന് 185 റൺസ് വിജയലക്ഷ്യം - ഐപിഎല്‍ വാർത്തകൾ
ഹെറ്റ്‌മയറിന്‍റെ വെടിക്കെട്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 184 റൺസെടുത്തു. ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി
ജോഫ്ര ആർച്ചറിന്‍റെ ആദ്യ ഓവറില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഓപ്പണർ ശിഖർ ധവാന്‍റെ(അഞ്ച്) വിക്കറ്റ് നഷ്‌ടമായി. പൃഥ്വി ഷാ(19), ശ്രേയസ് അയ്യർ(50) എന്നിവർ മികച്ച രീതിയില്‍ ബാറ്റിങ് ആരംഭിച്ചെങ്കിലും പവർപ്ലേ ഓവറുകൾ തീരുന്നതിന് മുമ്പ് പുറത്തായി. പിന്നീട് വന്ന റിഷഭ് പന്ത് അഞ്ച് റൺസെടുക്കുന്നതിനിടെ റൺഔട്ടായി. അഞ്ചാം വിക്കറ്റില്‍ മാർക്കസ് സ്റ്റോയിണിസ് - ഷിമ്രോൺ ഹെറ്റ്‌മയർ കൂട്ടുകെട്ടാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. സ്‌റ്റോയിണിസ് 30 പന്തില്‍ നിന്ന് 39 റൺസും ഹെറ്റ്‌മയർ 24 പന്തില്‍ നിന്ന് 45 റൺസും നേടി പുറത്തായി. അവസാന ഓവറുകളില്‍ അക്‌സർ പട്ടേല്‍ നടത്തിയ വെടിക്കെട്ടാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. എട്ട് പന്തില്‍ നിന്ന് 17 റൺസാണ് അക്‌സർ പട്ടേല്‍ നേടിയത്. ഹർഷല്‍ പട്ടേല്‍ 16 റൺസെടുത്തു.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ തകർപ്പൻ പ്രകടനമാണ് കാഴ്‌ചവച്ചത്. നാലോവറില്‍ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ആർച്ചർ വീഴ്‌ത്തിയത്. കാർത്തിക് ത്യാഗി, ആൻഡ്രൂ ടൈ, രാഹുല്‍ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ വരുൺ ആരോൺ രണ്ട് ഓവറില്‍ 25 റൺസാണ് വഴങ്ങിയത്.