അബുദാബി: ഐപിഎല്ലില്‍ ഇതുവരെ ഓരോ ടീമും കളിച്ചത് ഒൻപത് മത്സരങ്ങൾ. അതില്‍ ആറ് മത്സരവും തോറ്റ രണ്ട് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ആദ്യ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാൻ റോയല്‍സും മൂന്ന് തവണ കപ്പടിച്ച ചെന്നൈ സൂപ്പർ കിംഗ്‌സും. നിലവില്‍ ടൂർണമെന്‍റിലെ പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് രാജസ്ഥാൻ റോയല്‍സ്. അതിനു തൊട്ടു മുന്നില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. ടൂർണമെന്‍റില്‍ പ്ലേഓഫ് സാധ്യത നിലനിർത്തണമെങ്കില്‍ ഇനിയുള്ള ഓരോ മത്സരവും ഇരു ടീമുകൾക്കും നിർണായകമാണ്. ഇന്ന് ജയിക്കുന്നവർക്ക് പോയിന്‍റ് പട്ടികയില്‍ അഞ്ചാമതെത്താം. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്‌മയാണ് ഇരു ടീമുകളേയും വലയ്ക്കുന്നത്. ഓപ്പണിങില്‍ ഇനിയും ഇരു ടീമുകളും കൃത്യമായ ജോഡികളെ കണ്ടെത്തിയിട്ടില്ല.
സ്റ്റീവ് സ്‌മിത്ത്, ജോസ് ബട്‌ലർ, റോബിൻ ഉത്തപ്പ, ബെൻ സ്റ്റോക്‌സ് എന്നിവർ രാജസ്ഥാന് വേണ്ടി ഓപ്പൺ ചെയ്തു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ റോബിൻ ഉത്തപ്പ ഫോമിലെത്തിയത് ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയപ്പോഴാണ്. നായകൻ സ്റ്റീവ് സ്മിത്ത് ഫോമിലെത്തിയത് രാജസ്ഥാന് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ, സഞ്ജു സാംസൺ എന്നിവർ ഇനിയും ഫോം വീണ്ടെടുക്കാത്തത് രാജസ്ഥാനെ ബുദ്ധിമുട്ടിലാക്കും. റിയാൻ പരാഗ്, രാഹുല്‍ തെവാത്തിയ എന്നിവർ മധ്യനിരയ്ക്ക് ശേഷം മികച്ച കളി പുറത്തെടുക്കുന്നുണ്ടെങ്കിലും അതിനും സ്ഥിരതയുണ്ടാകുന്നില്ല. ബൗളിങ് നിരയില്‍ ജോഫ്ര ആർച്ചറാണ് രാജസ്ഥാന്‍റെ തുറുപ്പു ചീട്ട്. ജയ്‌ദേവ് ഉനദ്‌കട്, കാർത്തിക് ത്യാഗി എന്നിവർ ആർച്ചർക്ക് പിന്തുണ നല്‍കും. ഫോം ഔട്ടായ ശ്രേയസ് ഗോപാലിന് പകരം മായങ്ക് മാർക്കണ്ഡെ രാജസ്ഥാന് വേണ്ടി ഇന്ന് കളത്തിലിറങ്ങിയേക്കും.