ഐപിഎല്‍ ആദ്യ സീസണില്‍ ഷെയിന്‍വോണിന്‍റെ നേതൃത്വത്തില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ച് കിരീടം സ്വന്തമാക്കിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പക്ഷേ തുടര്‍ന്നുള്ള സീസണുകളില്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് സ്‌റ്റീവ് സ്മിത്തിന്‍റെ നേതൃത്വത്തിലുള്ള ടീം ഫിനിഷ് ചെയ്‌തത്. ഇത്തവണ മുന്നേറ്റം നടത്താനുള്ള ആയുധങ്ങളും സംഭരിച്ചാണ് സംഘം യുഎഇയില്‍ എത്തിയിരിക്കുന്നത്. വിദേശ താരങ്ങളുടെ വമ്പന്‍ നിര സ്വന്തമായുള്ള രാജസ്ഥാനെ എഴുതിതള്ളാന്‍ സാധിക്കില്ല.
തിരിച്ചുവരവിന് ഒരുങ്ങി റോയല്‍സ്
2008ന് ശേഷം കഴിഞ്ഞ 10 സീസണുകളിലായി നാല് തവണ മാത്രമാണ് ടീം പ്ലേ ഓഫില്‍ കടന്നത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് 2016ലും 2017ലും രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. സസ്‌പെന്‍ഷന് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയ ടീം 2018ല്‍ പ്ലേ ഓഫ് പ്രവേശനം സാധ്യമാക്കിയിരുന്നു.
സ്‌മിത്ത് കരുത്താകും
ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശരാശരിയുള്ള നായകനാണ് സ്റ്റീവ് സ്‌മിത്ത്. ഇതുവരെ 29 മത്സരങ്ങളില്‍ നായകനായ സ്‌മിത്തിന്‍റെ ശരാശരി 65.5 ആണ്. ഐപിഎല്ലില്‍ 60ന് മുകളില്‍ വിജയ ശരാശരിയുള്ള ഏക നായകന്‍ കൂടിയാണ് അദ്ദേഹം. അജിങ്ക്യാ രഹാനെയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ മുതലാണ് സ്‌മിത്ത് റോയല്‍സിന്‍റെ അമരത്തേക്ക് എത്തിയത്. 110 മത്സരങ്ങളില്‍ ആര്‍സിബിയുടെ നായകനായ വിരാട് കോലിക്ക് പോലും 44.5 വിജയ ശതമാനമെ അവകാശപ്പെടാനുള്ളൂ.
ബട്‌ലര്‍ ഓപ്പണറാകും
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്ന ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ ടീമിന് മികച്ച തുടക്കം നല്‍കും. ബട്‌ലര്‍ക്ക് ഒപ്പം ആര് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനം ആകാനുള്ളത്. അണ്ടര്‍ 19 ലോകകപ്പില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്‌ചവെച്ച മുംബൈയുടെ യശസ്വി ജയ്‌സ്‌വാളാണ് റോയല്‍സിന്‍റെ ഓപ്പണിങ്ങ് നിരയിലേക്ക് പരിഗണിക്കുന്ന പ്രധാന താരം.
മധ്യനിരയില്‍ തിളങ്ങാന്‍ സഞ്ജുവും ഉത്തപ്പയും
മധ്യനിരയില്‍ സ്‌റ്റീവ് സ്‌മിത്തും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ സഞ്ജു സാംസണും കരുത്തേകും. ടീമിലെ സീനിയര്‍ താരങ്ങളിലൊരാളെന്ന പരിഗണനയാണ് സഞ്‌ജുവിന് ലഭിക്കുന്നത്. 93 മത്സരങ്ങളില്‍ നിന്നും 2209 റണ്‍സാണ് സഞ്ജുവിന്‍റെ പേരില്‍ ഐപിഎല്ലില്‍ ഉള്ളത്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ റോബിന്‍ ഉത്തപ്പയും റോയല്‍സിന്‍റെ ഭാഗമാണ്. 117 മത്സരങ്ങളില്‍ നിന്നായി 4411 റണ്‍സാണ് ഉത്തപ്പയ ഐപിഎല്ലില്‍ സ്വന്തമാക്കിയത്. ഈ സീസണിലാണ് ഉത്തപ്പ റോയല്‍സിന്‍റെ ഭാഗമാകുന്നത്.
സ്‌റ്റോക്കില്ലാത്തത് തിരിച്ചടിയാകും
അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ ന്യൂസിലന്‍ഡില്‍ തുടരുന്ന ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ അഭാവം റോയല്‍സിന് തിരിച്ചടിയാകും. സീസണിന്‍റെ പകുതിയോടെ മാത്രമെ സ്റ്റോക്‌സ് യുഎഇയില്‍ ടീമിനൊപ്പം ചേരാന്‍ ഇടയുള്ളൂ. ഇതേവരെ ഐപിഎല്ലില്‍ 34 മത്സരങ്ങളില്‍ നിന്നും 635 റണ്‍സും 26 വിക്കറ്റുകളും സ്റ്റോക്‌സ് സ്വന്തം പേരില്‍ കുറിച്ചു.
കറക്കി വീഴ്‌ത്താന്‍ ശ്രേയസ് ഗോപാല്‍
യുഎഇയിലെ പിച്ചുകളില്‍ ലെഗ്സ്‌പിന്നര്‍ ശ്രേയസ് ഗോപാലിന്‍റെ സാന്നിധ്യം റോയല്‍സിന് നിര്‍ണായകമാകും. 12 വര്‍ഷത്തെ ചരിത്രത്തില്‍ ഹാട്രിക്ക് നേടിയ നാല് ബൗളേഴ്‌സില്‍ ഒരാളാണ് ശ്രേയസ്. കഴിഞ്ഞ അഞ്ച് സീസണുകളിലെ 31 സീസണുകളിലായി 38 വിക്കറ്റുകളാണ് ശ്രേയസിന്‍റെ പേരിലുള്ളത്. 2018ല്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഐപിഎല്‍ ചരിത്രത്തില്‍ മികച്ച റെക്കോഡുള്ള ശ്രേയസ് പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ശ്രേയസിനെ കൂടാതെ രാഹുല്‍ ടെവാട്ടിയ, മായങ്ക് മാര്‍ക്കണ്ടെ, അനിരുദ്ധ് ജോഷി എന്നിവരും എതിരാളികളെ പന്ത് ഉപയോഗിച്ച് വട്ടംകറക്കാന്‍ പ്രാപ്‌തരാണ്.
പേസ് പടയുമായി ആര്‍ച്ചര്‍
ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാകും റോയല്‍സിന്‍റെ പേസ് ആക്രമണത്തിന്‍റെ കുന്തമുന. യുഎഇയിലെ പിച്ചുകളില്‍ പരിചയസമ്പന്നനായ ആര്‍ച്ചര്‍ക്ക് വിക്കറ്റ് കൊയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. കഴിഞ്ഞ രണ്ട് സീസണുകളിലായി 21 മത്സരങ്ങളില്‍ നിന്നും 26 വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തം പേരില്‍ കുറിച്ചത്. ആര്‍ച്ചര്‍ക്ക് പിന്തുണയുമായി ഇംഗ്ലീഷ് പേസര്‍ ടോം കുറാന്‍റെ സാന്നിധ്യവും റോയല്‍സിന് കരുത്ത് പകരും. റോയല്‍സിന്‍റെ പുതുമുഖം കൂടിയാണ് കുറാന്‍. അതേസമയം പേസര്‍മാരായ ജയദേവ് ഉനാദ്ഘട്, വരുണ്‍ ആരോണ്‍, അങ്കിത്ത് രജപുത്ത് എന്നിവര്‍ യുഎഇയിലെ പിച്ചുകളില്‍ എത്രത്തോളം തിളങ്ങുമെന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.
മുഖ്യ പരിശീലകന്‍ ആന്‍ഡ്രൂ മക് ഡൊണാള്‍ഡിന്‍റെ നേതൃത്വത്തില്‍ റോയല്‍സ് ഇതിനകം യുഎഇയില്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ദുബായില്‍ ആദ്യം പരിശീലനം ആരംഭിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 22ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍. 27ന് പഞ്ചാബിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരം. ഇരു മത്സരങ്ങളും ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.