ഷാര്‍ജ: ഐപിഎല്ലിലെ പ്ലേ ഓഫ് വിജയികളെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അനായാസ ജയം. മുംബൈ ഉയര്‍ത്തിയ 150 റണ്‍സെന്ന വിജയ ലക്ഷ്യം ഡേവിഡ് വാര്‍ണറും കൂട്ടരും അനായാസം സ്വന്തമാക്കി. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ അര്‍ദ്ധസെഞ്ച്വറിയോടെ 85 റണ്‍സെടുത്തും വൃദ്ധിമാന്‍ സാഹ അര്‍ദ്ധസെഞ്ച്വറിയോടെ 58 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
ട്രെന്‍റ് ബോള്‍ട്ടിന്‍റെയും ജസ്‌പ്രീത് ബുമ്രയുടെയും അഭാവത്തില്‍ മുംബൈയുടെ ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റ് ഷാര്‍ജയില്‍ കളിമറന്നു. മഞ്ഞു വീഴ്‌ചകൂടി വില്ലനായി അവതരിച്ച രണ്ടാം പകുതിയില്‍ മുംബൈ കാഴ്‌ചക്കാരായി മാറിയപ്പോള്‍ 17.1 ഓവറില്‍ ഹൈദരാബാദ് വിജയം കൈപ്പിടിയില്‍ ഒതുക്കി. 58 പന്തില്‍ ഒരു സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നായകന്‍ വാര്‍ണറുടെ ഇന്നിങ്സ്. മറുഭാഗത്ത് ഉറച്ച പിന്തുണ നല്‍കിയ സാഹ 45 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ അടിച്ച് കൂട്ടി.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വാര്‍ണറുടെ തീരുമാനം എന്തുകൊണ്ടും മികച്ചതെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. മൂന്നാമത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ മുംബൈയുെട നായകന്‍ രോഹിത് ശര്‍മയെ കൂടാരം കയറ്റാന്‍ ഹൈദരാബാദിനായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചത് ഹൈദരാബാദിനെ സംബന്ധിച്ചെടുത്തോളം കാര്യങ്ങള്‍ എളുപ്പമാക്കി. 25 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്ക്, 36 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, 33 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍, ഏഴാമനായി ഇറങ്ങി 41 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്നത്.
ഹൈദരാബാദിന് വേണ്ടി സന്ദീപ് ശര്‍മ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്‌ത്തി.
ഹൈദരാബദ് ജയിച്ചതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി. റണ്‍റേറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തിയ ഹൈദരാബാദ് ആദ്യ എലിമിനേറ്ററില്‍ ബാംഗ്ലൂരിനെ നേരിടും. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈയും രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയും തമ്മിലാണ് ആദ്യ പ്ലേ ഓഫ് മാച്ച്. മത്സരം അഞ്ചാം തീയ്യതി ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടക്കും.