അബുദബി: പവര്‍ ഹിറ്റര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്ത് മുംബൈ ഇന്ത്യൻസ്. 15ആം ഓവര്‍ വരെ ഇഴഞ്ഞുനീങ്ങിയ മുംബൈയെ 21 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും അടക്കം 60 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് മികച്ച സ്‌കോറിലെത്തിച്ചത്.
വെടിക്കെട്ടുമായി ഹാര്‍ദിക് പാണ്ഡ്യ; രാജസ്ഥാന് ലക്ഷ്യം 196 - രാജസ്ഥാൻ റോയല്‍സ്
21 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും അടക്കം 60 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യ മുംബൈ നിരയില്‍ മുന്നിട്ട് നിന്നു.
ക്വിന്‍റണ്‍ ഡി കോക്കിനെ ഇന്നിങ്സിന്‍റെ തുടക്കത്തിലെ നഷ്‌ടമായ മുംബൈ പതിയെയാണ് കളിച്ചത്. 36 പന്തില്‍ 37 റണ്‍സെടുത്ത ഇഷാൻ കിഷൻ ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും സ്‌കോറിങ്ങിന് വേഗത കുറവായിരുന്നു. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവും (26 പന്തില്‍ 40) സൗരഭ് തിവാരിയും (25 പന്തില്‍ 34) സ്‌കോറിങ്ങിന് വേഗത കൂട്ടിയെങ്കിലും മികച്ച സ്‌കോറിലേക്കെത്താൻ അത് മതിയാകുമായിരുന്നില്ല. അലസമായി ബാറ്റ് വീശിയ ക്യാപ്‌റ്റൻ പൊള്ളാര്‍ഡ് ആറ് റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ കളത്തിലെത്തിയ ഹര്‍ദിക് പാണ്ഡ്യ കളം നിറഞ്ഞ് കളിക്കുകയായിരുന്നു. 16 ഓവറില്‍ നാല് വിക്കറ്റ നഷ്‌ടത്തില്‍ 121 റണ്‍സ് മാത്രമായിരുന്നും മുംബൈയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീടായിരുന്ന പാണ്ഡ്യയുടെ സംഹാരതാണ്ഡവം. പിന്നീടുള്ള നാല് ഓവറില്‍ 74 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യയുടെ മികവില്‍ മുംബൈ നേടിയത്. നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങിയ അങ്കിത് രജ്‌പുത്താണ് രാജസ്ഥാൻ നിരയില്‍ ഏറ്റവും തല്ലുവാങ്ങിയത്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ജോഫ്രെ ആര്‍ച്ചറാണ് അല്‍പ്പമെങ്കിലും മികവ് കാട്ടിയത്. കൂട്ടത്തില്‍ മികച്ച ഒരു ക്യാച്ചും ആര്‍ച്ചര്‍ സ്വന്തമാക്കി.