അബുദാബി: മധ്യനിരയുടേയും വാലറ്റത്തിന്‍റെയും കരുത്തില്‍ ബാംഗ്ലൂരിന് എതിരെ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രാജസ്ഥാന്‍ 154 റണ്‍സെടുത്തു. ഓപ്പണിങ് ബാറ്റ്സ്‌മാന്‍മാരായ ജോസ് ബട്‌ലറും സ്റ്റീവ് സ്‌മിത്തും മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തിയ മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങിയ മഹിപാല്‍ ലാംറോറയാണ് (47) രാജസ്ഥാനെ കരകയറ്റിയത്.
39 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മഹിപാലിന്‍റെ ഇന്നിങ്സ്. റോബിന്‍ ഉത്തപ്പയുമായി ചേര്‍ന്ന് 39 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടും റിയാന്‍ പരാഗുമായി ചേര്‍ന്ന് 35 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കുട്ടുകെട്ടും മഹിപാല്‍ സ്വന്തമാക്കി. 24 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയും 16 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 40 റണ്‍സിന്‍റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ബട്‌ലര്‍(22), സ്‌മിത്ത്(5), സഞ്ജു സാംസണ്‍(4), റോബിന്‍ ഉത്തപ്പ(17), റയാന്‍ പ്രയാഗ്(16) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്‌മാൻമാർ.