ദുബായി: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടുന്നു. ദുബായില്‍ ഇരു ടീമുകളും രാത്രി 7.30ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് അമരക്കാര്‍ തമ്മിലുള്ള പോരാട്ടം കൂടിയായി മത്സരം മാറും. വിരാട് കോലി നയിക്കുന്ന ബാംഗ്ലൂര്‍ പ്രഥമ കിരീടം സ്വന്തമാക്കാനാണ് യുഎഇയില്‍ എത്തിയിരിക്കുന്നത്. അതേസമയം ഹിറ്റ്മാന്‍റെ നേതൃത്വത്തിലുള്ള മുംബൈ നാല് കിരീടങ്ങളെന്ന റെക്കോഡുമായാണ് യുഎഇയിലേക്ക് വിമാനം കയറിയത്.
കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ 97 റണ്‍സിന്‍റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ക്ഷീണം മാറ്റാനാണ് കോലിയും കൂട്ടരും മുംബൈയെ നേരിടാന്‍ എത്തുന്നത്. സെഞ്ച്വറിയോടെ നായകന്‍ ലോകേഷ് രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കിങ്സ് ഇലവന്‍ അനായാസമായി ജയം കൈപ്പിടിയിലാക്കി. അതേസമയം റോയല്‍ ചലഞ്ചേഴ്‌സിന് തൊട്ടത് മുഴുവന്‍ പിഴക്കുകയായിരുന്നു. മുംബൈക്ക് എതിരായ മത്സരത്തില്‍ വിജയിച്ച് വിമര്‍ശകരുടെ വായ അടപ്പിക്കാനാകും കോലിയുടെയും കൂട്ടരുടെയും ശ്രമം.
ആദ്യ മത്സരത്തില്‍ ഹൈദരാബാദിന് എതിരെ 10 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയതിന് സമാനമായ പ്രകടനം പുറത്തെടുക്കാനാകും ബംഗളൂരുവിന്‍റെ ശ്രമം. ഓസിസ് സ്‌പിന്നര്‍ ആദം സാംപയും ഇന്ത്യന്‍ താരം യൂസ്‌വേന്ദ്ര ചാഹലും ഫോം വീണ്ടെടുത്താന്‍ മുംബൈ ഉള്‍പ്പെടെ ഏത് ടീമിനെയും കറക്കി വീഴ്‌ത്താന്‍ കോലിക്കും കൂട്ടര്‍ക്കും സാധിക്കും. യുഎഇയിലെ ഗ്രൗണ്ടുകളില്‍ കളിച്ച് പരിചയമുള്ള ഇരുവര്‍ക്കും ഫോമിലേക്ക് ഉയരാന്‍ എളുപ്പം സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഡെയില്‍ സ്റ്റെയിന്‍ ഉള്‍പ്പെടെയുള്ള പേസര്‍മാരും കോലിയും ആരോണ്‍ ഫിഞ്ചും ഉള്‍പ്പെടെയുള്ള വെടിക്കെട്ട് ബാറ്റ്സ്‌മാന്‍മാരും ഉള്‍പ്പെടുന്ന ബംഗളൂരു കടലാസില്‍ എന്നും കരുത്തരായിരുന്നു.
അതേസമയം ഇതിനകം ചാമ്പ്യന്‍ പ്രകടനം പുറത്തെടുത്ത മുംബൈക്ക് എത് ടീമിനെയും പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസമുണ്ട്. ആദ്യ മത്സരത്തില്‍ ചെന്നൈക്ക് എതിരെ അഞ്ച് വിക്കറ്റിന്‍റെ പരാജയം വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഹിറ്റ്മാന്‍റെ കരുത്തില്‍ മുംബൈ തിരിച്ചുവന്നു. നായകന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മത്സരത്തില്‍ 49 റണ്‍സിന്‍റെ ജയമാണ് കൊല്‍ക്കത്തക്ക് എതിരെ സ്വന്തമാക്കിയത്. മുംബൈയുടെ മുന്‍നിര ബൗളേഴ്‌സെല്ലാം തങ്ങളുടെ പങ്ക് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്‌തു.
കണക്കുകളില്‍ മുംബൈക്കാണ് മുന്‍തൂക്കം. ഇരു ടീമുകളും 25 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 16 തവണ മുംബൈയും ഒമ്പത് തവണ ബംഗളൂരുവും ജയിച്ചു.