തിളങ്ങാതെ പഞ്ചാബ് ബാറ്റിങ് നിര; ഹൈദരാബാദിന് 127 റണ്‍സ് വിജയലക്ഷ്യം - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ റാഷിദ് ഖാൻ മികച്ചുനിന്നു.
ദുബായ്: വിജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ പഞ്ചാബിന് തുടക്കം പിഴച്ചു. സ്‌റ്റാര്‍ ബാറ്റ്‌സ്‌മാൻമാര്‍ എല്ലാവരും നിറംമങ്ങിയപ്പോള്‍ ഹൈദരാബാദിനെതിരായ ആദ്യ ഇന്നിങ് സ്‌കോര്‍ 126 ല്‍ ഒതുങ്ങി. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഹൈദരാബാദിന് വേണ്ടി ബോളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. കരുതലോടെയാണ് പഞ്ചാബ് ബാറ്റിങ് തുടങ്ങിയത്. പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം മൻദീപ് സിങ്ങാണ് ക്യാപ്‌റ്റൻ കെഎല്‍ രാഹുലിനൊപ്പം ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ എല്ലാ കളികളിലും മികച്ച തുടക്കം ലഭിക്കാറുള്ള പഞ്ചാബിന് ഇത്തവണ പിഴച്ചു. അഞ്ചാം ഓവറിന്‍റെ അവസാന പന്തില്‍ 14 പന്തില്‍ 17 റണ്‍സുമായി മൻദീപ് സിങ് പുറത്തായി. പിന്നാലെ വന്ന ബാറ്റ്‌സ്‌മാൻമാരും താളം കണ്ടെത്താൻ ഏറെ പാടുപെട്ടു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ സണ്‍റൈസേഴ്‌സ് പട പഞ്ചാബിനെ വരിഞ്ഞുമുറുക്കി. രാഹുല്‍ 27 പന്തില്‍ 27 റണ്‍സെടുത്തും, ഗെയ്‌ല്‍ 20 പന്തില്‍ 20 റണ്‍സെടുത്തും പുറത്തായി. 12 റണ്‍സെടുത്ത മാക്‌സ്‌വെല്ലും പെട്ടെന്ന് മടങ്ങി. നിലയുറപ്പിച്ച് കളിച്ച നിക്കോളാസ് പുരാനാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 28 പന്തില്‍ 38 റണ്‍സെടുത്ത പുരാൻ പുറത്താകാതെ നിന്നു. പഞ്ചാബ് നിരയില്‍ മറ്റാര്‍ക്കും രണ്ടടക്കം കടക്കാനായില്ല. ഹൈദരാബാദിനായി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാൻ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ റാഷിദ് ഖാൻ മികച്ചുനിന്നു.