ഷാര്‍ജ:"എവിടെയായിരുന്നു ഇത്രയും നാള്‍"കിങ്‌സ് ഇലവൻ പഞ്ചാബ് ആരാധകര്‍ ക്രിസ് ഗെയ്‌ലിനോട് ഒരേ സ്വരത്തില്‍ ചോദിക്കുന്ന ചോദ്യമാണിത്. സീസണില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം ഒന്നു ചിരിക്കാൻ പഞ്ചാബിനെ ഗെയില്‍ വേണ്ടിവന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്‌ത് കോലിയും കൂട്ടരും ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 20ആം ഓവറിന്‍റെ അവസാന പന്തില്‍ സിക്‌സടിച്ച് പഞ്ചാബ് മറികടന്നു. ജയത്തോടെ പഞ്ചാബ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. എട്ട് കളികളില്‍ നിന്ന് രണ്ട് ജയം അടക്കം നാല് പോയന്‍റ് നേടിയ പഞ്ചാബ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. എട്ട് കളികളില്‍ നിന്ന് പത്ത് പോയന്‍റുള്ള ബാംഗ്ലൂര്‍ ലീഗില്‍ മൂന്നാമതാണ്.
ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് 172 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ് ബാറ്റിങ്ങിനിറങ്ങിയത്. ക്രിസ് ഗെയിലിന്‍റെ തിരിച്ചുവരവാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. അത്ര വലിയ ലക്ഷ്യമല്ലാത്തതിനാല്‍ ശ്രദ്ധയോടെയാണ് കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ബാറ്റിങ് ആരംഭിച്ചത്. പതിവ് തെറ്റിക്കാതെ ഓപ്പണിങ് സഖ്യം പഞ്ചാബിന് മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും അടക്കം 45 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ എട്ടാം ഓവറില്‍ പുറത്തായി.
പിന്നാലെ ഗെയില്‍ ക്രീസിലെത്തി. മികച്ച അടിത്തറ ലഭിച്ചതോടെ ലക്ഷ്യത്തിലേക്ക് സാവധാനമാണ് ഗെയില്‍ ബാറ്റ് വീശിയത്. എന്നാല്‍ 17ആം ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറിന് പറത്തി താൻ പഴയ ഗെയ്ല്‍ തന്നെയാണെന്ന് തെളിയിച്ചു. ഒപ്പം അര്‍ധസെഞ്ച്വറിയും ഗെയില്‍ പിന്നിട്ടു. അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന്‍റെ ലക്ഷ്യം. എന്നാല്‍ ആദ്യ അഞ്ച് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രം വഴങ്ങിയ ചഹല്‍ ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കി. അഞ്ചാം പന്തില്‍ ഗെയില്‍ റണൗട്ടാവുകയും ചെയ്‌തതോടെ പഞ്ചാബ് വീണ്ടും പടിക്കല്‍ കലമുടയ്‌ക്കുമോ എന്ന് ആരാധകര്‍ ഭയപ്പെട്ടു. എന്നാല്‍ അവസാന പന്ത് സിക്‌സറിന് പറത്തി നിക്കോളാസ് പുരാൻ പഞ്ചാബിന് സീസണിലെ രണ്ടാം ജയം നേടിക്കൊടുത്തു. മറുവശത്ത് 49 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും അടക്കം 61 റണ്‍സുമായി രാഹുല്‍ ഉറച്ചുനില്‍പ്പുണ്ടായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് വേണ്ടി ക്യാപ്‌റ്റൻ കോലി മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 39 പന്തില്‍ മൂന്ന് ഫോറടക്കം 48 റണ്‍സാണ് കോലി അടിച്ചെടുത്തത്. ടീമിലെ മറ്റാര്‍ക്കും 20 റണ്‍സിനപ്പുറം കടക്കാനായില്ല. ഫിഞ്ച് (20), ദേവ്‌ദത്ത് (18), ഡിവില്ലിയേഴ്‌സ് (2) എന്നിവര്‍ നിരാശപ്പെടുത്തി. പഞ്ചാബിന്‍റെ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിനെ 171 എന്ന സ്‌കോറില്‍ ഒതുക്കിയത്. പഞ്ചാബിന് വേണ്ടി ഷമിയും എം.അശ്വിനും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ്, ക്രിസ് ജോര്‍ഡന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയ ഗ്ലെൻ മാക്‌സ്‌വെല്ലും പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഞായറാഴ്‌ച മുംബൈയ്‌ക്കെതിരെ ദുബായിലാണ് പഞ്ചാബിന്‍റെ അടുത്ത മത്സരം. ഇതേ സ്‌റ്റേഡിയത്തില്‍ ശനിയാഴ്‌ച നടക്കുന്ന മത്സരത്തില്‍ രാജസ്ഥാൻ റോയല്‍യാണ് ബാംഗ്ലൂരിന്‍റെ അടുത്ത എതിരാളികള്‍.