ദുബായ്: ഐപിഎല്ലില്‍ ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സ് 14 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. അതായത് മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ഫോമിലാണ് യുവനിരയുടെ കരുത്തില്‍ ആദ്യ ഐപിഎല്‍ കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍ ഇന്ന് രാത്രി ഏഴരയ്ക്ക് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നേരിടുമ്പോൾ ഡല്‍ഹിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ടൂർണമെന്‍റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയുമായി എത്തുന്ന കിംഗ്‌സ് ഇലവൻ പഞ്ചാബ് മികച്ച ഫോമിലാണ്.
ഒൻപത് മത്സരങ്ങളില്‍ മൂന്ന് ജയവും ആറ് തോല്‍വിയുമായി ആറ് പോയിന്‍റ് മാത്രമാണുള്ളതെങ്കിലും കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ പഞ്ചാബ് ഫോമിലേക്ക് ഉയർന്നു കഴിഞ്ഞു. നായകൻ കെഎല്‍ രാഹുല്‍, മായങ്ക് അഗർവാൾ, ക്രിസ് ഗെയ്‌ല്‍, നിക്കോളാസ് പുരാൻ, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവർ അടങ്ങുന്ന ബാറ്റിങ് നിര ഈ ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമാണ്. ബൗളിങില്‍ മുഹമ്മദ് ഷമി, അർഷദീപ് സിങ്, ക്രിസ് ജോർദാൻ എന്നിവർ പേസ് ബൗളിങില്‍ മികച്ച ഫോമിലാണ്. രവി ബിഷ്‌ണോയി, എം അശ്വിൻ എന്നിവർ കൂടി ചേരുന്നതോടെ പഞ്ചാബ് ശക്തമാണ്. മധ്യനിരയില്‍ മാക്‌സ്‌വെല്ലും ദീപക് ഹൂഡയും ഫോമിലേക്ക് ഉയർന്നാല്‍ പഞ്ചാബിനെ പിടിച്ചു കെട്ടുകു ദുഷ്‌കരമാണ്. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ മുംബൈയെ രണ്ട് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് പഞ്ചാബിനെ കീഴടക്കിയത്. അവസാന ഓവറുകളിലെ മികച്ച ബൗളിങ്, ബാറ്റിങ് പ്രകടനമാണ് പഞ്ചാബിനെ വിജയതീരം കാണിച്ചത്. അതോടൊപ്പം ഓരോ മത്സരത്തിലും മികച്ച പ്രകടനവുമായി മുന്നില്‍ നിന്ന് നയിക്കുന്ന നായകൻ കെഎല്‍ രാഹുലും ക്രിസ് ഗെയിലിന്‍റെ തകർപ്പൻ ഫോമും പഞ്ചാബിന് കരുത്താകും.