കൊല്‍ക്കത്തയെ മുന്നില്‍ നിന്ന് നയിച്ച് മോര്‍ഗൻ; രാജസ്ഥാന് ലക്ഷ്യം 193 റണ്‍സ് - ipl latest news
35 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറും അടക്കം 68 റണ്‍സെടുത്ത ക്യാപ്‌റ്റൻ ഓയിൻ മോര്‍ഗന്‍ പുറത്താകാതെ നിന്നു
ദുബായ്: പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടിയുള്ള നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയല്‍സിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്‌ടപ്പെടുത്തി. ക്യാപ്‌റ്റൻ ഓയിൻ മോര്‍ഗന്‍റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ടീം മികച്ച സ്‌കോറിലെത്തിയത്. 35 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറും അടക്കം 68 റണ്‍സെടുത്ത മോര്‍ഗൻ പുറത്താകാതെ നിന്നു. മത്സരത്തിന്‍റെ രണ്ടാം പന്തില്‍ നിതീഷ് റാണയുടെ വിക്കറ്റ് നഷ്‌ടപ്പെടുത്തിയാണ് കൊല്‍ക്കത്ത കളി ആരംഭിച്ചത്. എന്നാല്‍ പിന്നാലെ ഒരുമിച്ച ശുഭ്‌മാൻ ഗില്‍ ( 24 പന്തില്‍ 36) - രാഹുല്‍ തൃപാഠി (34 പന്തില്‍ 39) സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. ടീമിന് വേണ്ടി മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. സുനില്‍ നരൈനും, ദിനേഷ് കാര്‍ത്തിക്കും പൂജ്യത്തിന് പുറത്തായി. റസല്‍ 25 റണ്‍സും പാറ്റ് കമ്മിൻസ് 15 റണ്‍സുമെടുത്ത് പുറത്തായി. രാജസ്ഥാൻ നിരയില്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയ തെവാട്ടിയ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കാര്‍ത്തിക് ത്യാഗി രണ്ട് വിക്കറ്റും ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.