കേരളം

kerala

ETV Bharat / sports

ഐപിഎല്‍; കിരീടം നിലനിര്‍ത്തി റെക്കോഡിടാന്‍ മുംബൈ ഇന്ത്യന്‍സ് - mumbai indians to retain title news

ഐപിഎല്ലില്‍ അഞ്ചാം കിരീടമെന്ന ലക്ഷ്യമിട്ടാണ് മുബൈ ഇന്ത്യന്‍സ് യുഎഇയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ചെന്നൈ സൂപ്പര്‍ കിങ്സിനോട് ഫൈനലില്‍ അവസാന നിമിഷം വരെ പൊരുതിയാണ് മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കിയത്

കിരീടം നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ് വാര്‍ത്ത  ഐപിഎല്‍ കിരീടം നിലനിര്‍ത്താന്‍ മുംബൈ വാര്‍ത്ത  mumbai indians to retain title news  mumbai to retain ipl title news
മുംബൈ ഇന്ത്യന്‍സ്

By

Published : Sep 18, 2020, 10:23 PM IST

Updated : Sep 25, 2020, 6:00 PM IST

പിഎല്‍ കിരീടം നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ്. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ തീപാറുന്ന ഉദ്‌ഘാടന മത്സരത്തിലാണ് മുംബൈ സീസണില്‍ ആദ്യമായി പാഡണിയുക. നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ കിരീടം നിലനിര്‍ത്താന്‍ കച്ചകെട്ടി ഇറങ്ങുകയാണ് മുംബൈ. ആരെല്ലാം റിസര്‍വ് താരങ്ങളാക്കി മാറ്റണമെന്ന കാര്യത്തില്‍ മാത്രമാണ് ആശങ്ക. ബൗളിങ്ങിലും ബാറ്റിങ്ങിലും അനുഭവ സമ്പത്ത് ധാരാളമുള്ള താരങ്ങളാണ് മുംബൈക്ക് വേണ്ടി അണിനിരക്കുന്നത്.

ഓപ്പണറായി ഹിറ്റ്മാനും ഡികോക്കും

കൂറ്റനടികള്‍ക്ക് പേരുകേട്ട രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്‍റണ്‍ ഡീകോക്കുമായിരിക്കും ഓപ്പണിങ്ങില്‍ രോഹിതിന് കൂട്ട്. ടീമിലെ ലീഡിങ് റണ്‍ സ്‌കോററാണ് നായകന്‍ രോഹിത് ശര്‍മ. അനായാസം സിക്‌സര്‍ പറത്താനുള്ള കഴിവാണ് ഹിറ്റ്മാന്‍റെ പ്രത്യേകത.

188 ഐപിഎല്ലുകളില്‍ നിന്നായി 4,898 റണ്‍സാണ് രോഹിതിന്‍റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 34 അര്‍ദ്ധ സെഞ്ച്വറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. 194 സിക്‌സും ഹിറ്റ്മാന്‍റെ അക്കൗണ്ടിലുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മൂന്നാമതാണ് ഹിറ്റ്മാന്‍റെ സ്ഥാനം. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഡി കോക്കില്‍ നിന്നും രോഹിതിന് ആവശ്യത്തിലധികം പിന്തുണ ലഭിക്കുന്നുണ്ട്. ഏത് ടീമിനും മികച്ച തുടക്കം നല്‍കാന്‍ സാധിക്കുന്ന ഓപ്പണറാണ് ഡി കോക്ക്. ഒരു സെഞ്ച്വറിയും 10 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 1456 റണ്‍സാണ് ഡികോക്കിന്‍റെ പേരില്‍ ഐപിഎല്ലില്‍ ഉള്ളത്.

ക്രിസ് ലിനും പൊള്ളാര്‍ഡും തിളങ്ങും

ക്രിസ് ലിനാണ് മുംബൈയുടെ മറ്റൊരു വെടിക്കെട്ട് ബാറ്റ്സ്‌മാന്‍. 140താണ് അദ്ദേഹത്തിന്‍റെ ബാറ്റിങ് ശരാശരി. ഓപ്പണറായോ മൂന്നാമനായോ പരിഗണിക്കാവുന്ന താരമാണ് ലിന്‍. ലിന്‍ ഓപ്പണാകുകയാണെങ്കില്‍ രോഹിത് മൂന്നാമനായും ഇറങ്ങിയേക്കും.

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിനും ടീമില്‍ നിര്‍ണായക സ്ഥാനമുണ്ട്. മധ്യനിരയില്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്‌തനാണ് പൊള്ളാര്‍ഡ്. 148 ഐപിഎല്ലില്‍ നിന്നായി 2755 റണ്‍സും 56 വിക്കറ്റും വിന്‍ഡീസ് താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. 176 സിക്‌സും പൊള്ളാര്‍ഡ് ഐപിഎല്ലില്‍ പറത്തിയിട്ടുണ്ട്.

ഹര്‍ദിക്കിനും ബുമ്രക്കും നിര്‍ണായകം

പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കും ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്കും ഈ സീസണ്‍ നിര്‍ണായകമാണ്. പുറത്ത് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്‌റ്റംബറില്‍ കളിക്കളം വിട്ടതാണ് ഹര്‍ദിക് പാണ്ഡ്യ. ഇതിന് ശേഷം കഴിഞ്ഞ വര്‍ഷം ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ മാത്രമാണ് പാണ്ഡ്യ പാഡ് അണിഞ്ഞത്. റിലയന്‍സ് വണ്ണിന് വേണ്ടി പാണ്ഡ്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഐപിഎല്ലില്‍ ഇതേവരെ മൂന്ന് അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 1068 റണ്‍സ് ഹര്‍ദിക്കിന്‍റെ പേരിലുണ്ട്.

ഐപിഎല്ലിലെ ലീഡിങ് വിക്കറ്റ് ടേക്കര്‍ ലസിത് മലിങ്കയുടെ അഭാവത്തില്‍ പേസ് ബൗളര്‍ എന്ന നിലയില്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് ചുമതലകള്‍ ഏറെയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തണ മലിങ്ക ഐപിഎല്ലില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. മലിങ്കക്ക് പകരം ഓസിസ് പേസര്‍ ജയിംസ് പാറ്റിസണാണ് സീസണില്‍ ടീമിന്‍റെ ഭാഗമാവുക. ന്യൂ ബോളിലും ഡത്ത് ഓവറുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ബൗളറാണ് ബുമ്ര. സ്ഥിരതയോടെ യോര്‍ക്കറുകളും ഇന്‍സ്വിങ്ങറും ഔട്ട് സ്വിങ്ങറും പ്രയോഗിക്കാന്‍ ഇന്ത്യയുടെ മുന്‍നിര പേസര്‍ക്ക് സാധിക്കും. 77 ഐപിഎല്ലുകളില്‍ നിന്നായി 82 വിക്കറ്റുകളാണ് ബുമ്രയുടെ സമ്പാദ്യം. ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന താരം കൂടിയാണ് ബുമ്ര. അതേസമയം പരിക്കിന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാന്‍ ബുമ്രക്ക് ആയിട്ടില്ല. ഐപിഎല്ലില്‍ താരത്തിന്‍റെ പ്രകടനം കാത്തിരിക്കുകയാണ് ആരാധകര്‍.

ആശങ്ക ഉയര്‍ത്തി സ്‌പിന്‍ ബൗളിങ്

സ്‌പിന്‍ ബൗളേഴ്‌സിന്‍റെ കാര്യത്തലാണ് മുംബൈക്ക് ആശങ്കയുള്ളൂ. രാഹുല്‍ ചാഹര്‍ മാത്രമാണ് മുംബൈ നിരയിലെ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍. യുഎഇലെ പിച്ചുകളില്‍ മികച്ച സ്‌പിന്‍ ബൗളേഴ്‌സിന്‍റെ അഭാവം ടീമിന് തിരിച്ചടിയാകും. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ പാണ്ഡ്യ സഹോദരന്‍മാരിലെ ക്രുണാല്‍ പാണ്ഡ്യ ടീമിന്‍റെ നട്ടെല്ലായി മാറും. ക്രുണാലിന്‍റെ സ്‌പിന്‍ ബൗളിങ് ടീമിന് കരുത്താകും. 55 മത്സരങ്ങളില്‍ നിന്നും 891 റണ്‍സും 40 വിക്കറ്റുമാണ് ഈ ഇടംകൈയ്യന്‍ ഓര്‍ത്തഡോക്‌സ് സ്‌പിന്നറുടെ അക്കൗണ്ടിലുള്ളത്. ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഫലത്തെ നിര്‍ണയിക്കാന്‍ പാണ്ഡ്യ സഹോദരന്‍മാര്‍ക്ക് സാധിക്കും.

ഐപിഎല്ലിന്‍റെ പതിമൂന്നാം പതിപ്പിനായി പരിശീലകന്‍ മഹേല ജയവര്‍ദ്ധനെ ഇതിനകം ടീമിനെ സജ്ജമാക്കി കഴിഞ്ഞു. ബാറ്റിങ്ങ് പരിശീലകന്‍ എന്ന നിലയില്‍ റോബിന്‍ സിങ്ങും ബൗളിങ് പരിശീലകന്‍ എന്ന നിലയില്‍ ഷാനി ബോണ്ടും ഡയറക്‌ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേറ്ററുടെ റോളില്‍ സഹീര്‍ ഖാനും ടീമിനൊപ്പമുണ്ട്.

ആദ്യ മത്സരത്തില്‍ മുംബൈ എതിരാളികളാകുമ്പോള്‍ സെപ്‌റ്റംബര്‍ 20ന് ദുബായില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബാണ് നീലപ്പടയുടെ എതിരാളികള്‍. തൊട്ടടുത്ത ദിവസം ഇതേ വേദിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും മുംബൈ നേരിടും.

Last Updated : Sep 25, 2020, 6:00 PM IST

ABOUT THE AUTHOR

...view details