ന്യൂഡല്‍ഹി: ഐപിഎല്‍ 14ാം പതിപ്പിന് മുന്നോടിയായി നടക്കുന്ന മിനി താരലേലം ഫെബ്രുവരി 18ന്. ഐപിഎല്‍ വെബ്‌സൈറ്റിലുടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടു. താരലേലത്തിന് ചെന്നൈ വേദിയാകും. മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ താരലേലത്തിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലേലത്തിന് മുന്നോടിയായി വിവിധ ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്‌തും നിലനിര്‍ത്തിയതുമായ താരങ്ങളുടെ ലിസ്റ്റ് ബിസിസിഐക്ക് നല്‍കി. ഏറ്റവും കൂടുതല്‍ താരങ്ങളെ റിലീസ് ചെയ്‌തത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ്. എറ്റവും കുറവ് താരങ്ങളെ റിലീസ് ചെയ്‌തത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദും. ആര്‍സിബി 10 താരങ്ങളെ റിലീസ് ചെയ്‌തപ്പോള്‍ ഹൈദരാബാദ് അഞ്ച് താരങ്ങളെ മാത്രമാണ് റിലീസ് ചെയ്‌തത്.
ലേലത്തിന്‍റെ ഭാഗമാകുന്ന പ്രമുഖ വിദേശ താരങ്ങള്‍: സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെല്‍ഡ്രണ്‍ കോട്രാല്‍, ജെയിംസ് നീഷാം, ക്രിസ് ഗ്രീന്‍, ടോം ബാന്‍റണ്‍, നാഥന്‍ കോട്രാല്‍, ജെയിംസ് പാറ്റിസണ്‍, ടോം കറന്‍, ക്രിസ് മോറിസ്, ആരോണ്‍ ഫിഞ്ച്, മോയിന്‍ അലി, ഇസ്രു ഉഡാന, അലക്‌സ് കറേ, മുജീബുര്‍ റഹ്‌മാന്‍, ഹാര്‍ദസ് വില്‍ജ്യോന്‍, ഹാരി ഗെര്‍നി, കീമോ പോള്‍, സന്ദീപ് ലാമിച്ചെ, ജേസണ്‍ റോയ്.
താരലേലത്തിന് ശേഷമാകും ഇത്തവണത്തെ ഐപിഎല്‍ വേദികള്‍ ബിസിസിഐ പ്രഖ്യാപിക്കുക. നിലവിലെ സാഹചര്യത്തില്‍ പ്രഥമ പരിഗണ ഇന്ത്യക്ക് തന്നെയാകും. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ പ്രതിസന്ധി ഉടലെടുക്കുകയാണെങ്കില്‍ ഐപിഎല്‍ യുഎഇലേക്ക് മാറ്റിയേക്കും. രണ്ടാമതൊരു സാധ്യതയെന്ന നിലയിലാണ് യുഎഇയെ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ യുഎഇയില്‍ നടന്ന 13ാം പതിപ്പില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കി. മുംബൈയുടെ അഞ്ചാമത്തെ കിരീട നേട്ടമായിരുന്നു യുഎഇയില്‍ നടന്നത്.