അങ്കത്തിനുള്ള ആയുധങ്ങളെല്ലാം സംഭരിച്ചാണ് ഇത്തവണ കിങ്സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ പൂരത്തിനായി യുഎഇലേക്ക് എത്തിയിരിക്കുന്നത്. എല്ലാ സീസണുകളിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാറുള്ള കിങ്‌സ് ഇലവന് പക്ഷേ കിരീടം സ്വന്തമാക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല. കെഎല്‍ രാഹുലിന്‍റെ നേതൃത്വത്തില്‍ പുനസംഘടിപ്പിച്ച ടീമാണ് ഇത്തവണത്തേത്. തന്ത്രങ്ങള്‍ മെനയാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ പരിശീലകന്‍റെ വേഷത്തിലുമുണ്ട്. ഐപിഎല്‍ ടീമുകളുടെ പരിശീലകര്‍ക്കിടയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് കുംബ്ലെ. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായിരുന്നു അദ്ദേഹം.
കഴിഞ്ഞ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ക്ലബുകളില്‍ ഒന്നാണ് കിങ്സ് ഇലവന്‍. 26.2 കോടി രൂപയാണ് ലേലത്തില്‍ ചെലവഴിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെല്‍ഡല്‍ കോട്രാല്‍, ക്രിസ് ജോര്‍ദാന്‍ എന്നീ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് ടീമില്‍ പുതുതായി എത്തിയത്. ക്രിസ് ഗെയില്‍ ഗെയ്‌ൽ, നിക്കോളാസ് പൂരൻ, ഹാര്‍ഡസ് വിൽജോയ്ൻ, ജിമ്മി നീഷാം എന്നീ വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും കിങ്സ് ഇലവനിലുണ്ട്. ഇവരില്‍ ആരെല്ലാം പ്ലെയിങ് ഇലവനില്‍ സ്ഥിരമായി ഉണ്ടാകുമെന്ന് വരും ദിവസങ്ങളിലെ അറിയാനാകൂ.
വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിക്കാം
ഓപ്പണര്‍മാരായ ക്രിസ് ഗെയിലും കെഎല്‍ രാഹുലും ഉൾപ്പെടുന്ന കിങ്സ് ഇലവന്‍റെ ബാറ്റിങ് ലൈനപ്പ് ശക്തമാണ്. 125 മത്സരങ്ങളില്‍ നിന്നായി ആറ് ഫോറും 28 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 4,484 റണ്‍സാണ് ഗെയിലിന്‍റെ പേരിലുള്ളത്. നിലയുറപ്പിച്ചാല്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള ബാറ്റ്സ്‌മാനാണ് ഗെയില്‍. പുറത്താകാതെ 175 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണില്‍ സെഞ്ച്വറി സ്വന്തമാക്കിയ രാഹുലും മികച്ച ഫോമിലാണ്. 67 മത്സരങ്ങളില്‍ നിന്നായി 1977 റണ്‍സാണ് ഈ കര്‍ണാടക താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഇവര്‍ക്കൊപ്പം മികച്ച സ്‌ട്രൈക്ക് റേറ്റുള്ള മായങ്ക് അഗര്‍വാള്‍ കൂടി ചേരുന്നതോടെ ബാറ്റിങ്ങില്‍ ടീമിന് മികച്ച തുടക്കം ലഭിക്കും.
മധ്യനിരയില്‍ മാക്‌വെല്ലും പൂരാനും
മധ്യനിരയില്‍ മാക്‌സ്‌വെല്ലും വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ നിക്കോളാസ് പൂരാനും കരുത്തേകും. കിങ്സ് ഇലവന്‍ 2014ൽ മാത്രമാണ് ഫൈനലില്‍ പ്രവേശിച്ചത്. അന്ന് യുഎയില്‍ നടന്ന മത്സരത്തില്‍ ഓസിസ് താരം ഗ്ലെന്‍ മാക്‌സ് വെല്ലിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. സീസണില്‍ മാത്രം 16 മത്സരങ്ങളില്‍ നിന്നും മാക്‌സ്‌വെല്‍ 552 റൺസ് അക്കൗണ്ടില്‍ ചേര്‍ത്തു. ഐപിഎല്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 95 റണ്‍സ് സ്വന്തമാക്കിയതും യുഎഇയിലെ മണ്ണിലായിരുന്നു.