അദുബാദി: ഐപിഎല്‍ 13ാം പതിപ്പില്‍ ആദ്യ ജയം തേടി ലീഗിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഇറങ്ങുന്നു. ഇരു ടീമുകളും സീസണിലെ ആദ്യ മത്സരത്തില്‍ പരാജയം നേരിട്ടിരുന്നു. ആദ്യ മത്സരത്തില്‍ ഹൈദരാബാദിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 10 റണ്‍സിന്‍റെ ജയമാണ് സ്വന്തമാക്കിയത്. മുബൈ ഇന്ത്യന്‍സിന് എതിരെ ആയിരുന്നു കൊല്‍ക്കത്തയുടെ ആദ്യ മത്സരം. മത്സരത്തില്‍ 49 റണ്‍സിന്‍റെ പരാജയമാണ് ദിനേശ് കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
ഐപിഎല്ലില്‍ രണ്ട് തവണ കൊല്‍ക്കത്തയും ഒരു തവണ ഹൈദരാബാദും കപ്പടിച്ചിട്ടുണ്ട്. 2016ലാണ് ഹൈദരാബാദ് കിരീടം സ്വന്തമാക്കിയത്. 2011ലും 2014ലുമായിരുന്നു കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ചൂടിയത്. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ മുന്‍തൂക്കം കൊല്‍ക്കത്തക്കാണ്. 17 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം കൊല്‍ക്കത്തക്ക് ഒപ്പം നിന്നു. ഏഴ് തവണ ഹൈദരാബാദും വിജയിച്ചു.
പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം ആര് ടീമിലെത്തുമെന്ന കാര്യത്തില്‍ ഇതേവരെ ഹൈദരാബാദില്‍ ധാരണയായിട്ടില്ല. മാര്‍ഷിന് പകരം കളിക്കാന്‍ യുഎഇയില്‍ എത്തിയ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ ആറ് ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ ഓപ്പണര്‍ എന്ന നിലയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മധ്യനിരയും കാര്യമായ സംഭാവന നല്‍കിയിരുന്നില്ല. 61 റണ്‍സെടുത്ത ജോണി ബെയർസ്റ്റോ മാത്രമാണ് ഹൈദരാബാദിന് വേണ്ടി തിളങ്ങിയത്.