ദുബൈ: ഐപിഎൽ ആദ്യ ക്വാളിഫൈയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിങ്ങ് തെരഞ്ഞെടുത്തു.
നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തില്‍ ജയിക്കുന്നവര്‍ കലാശപ്പോരിന് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്തിനായി ഒരു അവസരം കൂടി ലഭിക്കും. ഞായറാഴ്‌ചയാണ് രണ്ടാമത്തെ ക്വാളിഫയര്‍. ഇന്ന് തോൽക്കുന്ന ടീം ബാംഗ്ലൂർ-ഹൈദരാബാദ് മത്സരത്തിലെ വിജയികളുമായി രണ്ടാം ക്വാളിഫൈയറിൽ എറ്റുമുട്ടും.
ലീഗ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനായി മത്സരിച്ച രണ്ട് ടീമുകളാണ് മുംബൈയും ഡല്‍ഹിയും. ലീഗ് തലത്തില്‍ ഇരു ടീമുകളും രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഹിറ്റ്മാനും കൂട്ടര്‍ക്കുമൊപ്പമായിരുന്നു. ആ പതിവ് തെറ്റിക്കുകയെന്ന ഉദ്ദേശത്തോടെയാകും ഇത്തവണ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയുടെ നീക്കങ്ങള്‍. കരുത്തുറ്റ മുംബൈയില്‍ നിന്നും അനായാസും ജയം സ്വന്തമാക്കാന്‍ ഡല്‍ഹിക്കാകില്ല. ലീഗ് തലത്തില്‍ 14ല്‍ ഒമ്പതും ജയിച്ചാണ് മുംബൈ പ്ലേ ഓഫില്‍ എത്തിയതെങ്കില്‍ എട്ട് ജയമാണ് ഡല്‍ഹിയുടെ പേരിലുള്ളത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ലൈനപ്പിന്‍റെ ആഴം ഇതിനകം മുംബൈ തെളിയിച്ച് കഴിഞ്ഞു. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ മുംബൈക്ക് വേണ്ടി ബാറ്റിങ്ങില്‍ ഇതിനകം തിളങ്ങിയിട്ടുണ്ട്. രോഹിതും ഡികോക്കും പൊള്ളാര്‍ഡും ഇഷാന്‍ കിഷനും ഹര്‍ദികും ഉള്‍പ്പെടുന്ന ബാറ്റിങ് നിരക്കെതിരെ ശക്തമായ തന്ത്രങ്ങള്‍ തന്നെ ഡല്‍ഹി ആവിഷ്‌കരിക്കേണ്ടി വരും. 443 റണ്‍സെടുത്ത ഡികോക്കാണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.
ജസ്‌പ്രീത് ബുമ്രയും ട്രെന്‍ഡ് ബോള്‍ട്ടും ചേര്‍ന്ന ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ് ഏത് ടീമിനും പേടി സ്വപ്നമായി മാറുകയാണ്. പവര്‍ പ്ലെയില്‍ പോലും ഇരുവര്‍ക്കുമെതിരെ താളം കണ്ടെത്താന്‍ എതിര്‍ ടീമിലെ ബാറ്റ്സ്‌മാന്‍മാര്‍ പ്രയാസപ്പെടുന്നതിന് ഐപിഎല്‍ സാക്ഷിയായിരുന്നു. 23 വിക്കറ്റെടുത്ത ബുമ്രയും 21 വിക്കറ്റെടുത്ത ബോള്‍ട്ടും ഫോമിലാണ്.
മറുഭാഗത്ത് ഡല്‍ഹിക്ക് നിരവധി പോരായ്‌മകളാണ് പരിഹരിക്കാനുള്ളത്. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്‌മയാണ് നായകന്‍ ശ്രേയസ് അയ്യരെ വലക്കുന്നത്. ശ്രേയസ് അയ്യരും അജിങ്ക്യാ രഹാനെയും സീസണില്‍ രണ്ട് സെഞ്ച്വറി സ്വന്തമാക്കിയ ശിഖര്‍ ധവാനുമാണ് ഡല്‍ഹിയുടെ പ്രതീക്ഷകള്‍. പരാജയപ്പെടുന്ന മധ്യനിരയാണ് പലപ്പോഴും ഡല്‍ഹിക്ക് വെല്ലുവിളിയാകുന്നത്. ഹിറ്റ്‌മെയര്‍ ഉള്‍പ്പെടുന്ന മധ്യനിര അവസരത്തിനൊത്തുയര്‍ന്നാല്‍ മുംബൈക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ ഡല്‍ഹിക്കാകും.
ബൗളിങ്ങില്‍ 25 വിക്കറ്റ് സ്വന്തമാക്കിയ കാസിഗോ റബാദയും ആന്‍ട്രിച്ച് നോട്രിജുമാണ് പ്രധാന പ്രതീക്ഷകള്‍. സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിന്‍സും ഇരുവര്‍ക്കും പിന്തുണ നല്‍കും