കഴിഞ്ഞ തവണ സെമി ഫൈനലില്‍ കലമുടക്കേണ്ടി വന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ യുഎഇയില്‍ കീരിടം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ യുവ താരങ്ങളുടെ നീണ്ട നിരയും കളി പഠിപ്പിക്കാന്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും ചേരുമ്പോള്‍ അത്‌ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രതിഭാ സമ്പന്നരായ ഇന്ത്യന്‍ യുവനിരയാണ് ഡല്‍ഹിയുടെ പ്രത്യേകത. ആക്രമിച്ച് കളിക്കാന്‍ റിഷഭ് പന്തും, പ്രിഥ്വി ഷായും ടീമിലുണ്ട്. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ടവര്‍ അല്ലെങ്കിലും ദീര്‍ഘമായ ഇന്നിങ്സ് കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കും.
ഓപ്പണറാകാന്‍ ധവാനും പ്രിഥ്വി ഷായും
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പ്രിഥ്വി ഷായും ടീമിന്‍റെ നട്ടെല്ലാണ്. ഇതേവരെ രണ്ട് ഐപിഎല്‍ സീസണുകളില്‍ കളിച്ച് പരിചയമുള്ള ഇന്ത്യന്‍ യുവതാരമാണ് പ്രിഥി. 25 മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 598 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ സീസണില്‍ 99 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ശിഖര്‍ ധവാന്‍ ദീര്‍ഘമായ ഇന്നിങ്സ് കളിച്ച് പരിചയമുള്ള പരിചയ സമ്പന്നനായ ഇന്ത്യന്‍ ബാറ്റ്സ്‌മാനാണ്. ആദ്യ സീസണ്‍ മുതല്‍ ഐപിഎല്ലിന്‍റെ ഭാഗമായ ധവാന്‍ ഇതിനകം 37 അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 4579 റണ്‍സ് അക്കൗണ്ടിലാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ പുറത്താകാതെ 97 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
വെടിക്കെട്ടുമായി ഹിറ്റ്‌മെയറും രഹാനയും
കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട ഷിമ്രോണ്‍ ഹിറ്റ്‌മെയറും ഡല്‍ഹി താര ലേലത്തിലൂടെ സ്വന്തമാക്കിയ അജിങ്ക്യ രഹാനയെയും ബാറ്റിങ് നിരയിലേക്ക് മൂന്നാമനായി പരിഗണിക്കും. കഴിഞ്ഞ സീസണില്‍ മാത്രം ഐപിഎല്ലിന്‍റെ ഭാഗമായ ഹിറ്റ്‌മെയറുടെ ട്രാക്ക് റെക്കോഡ് അത്ര മികച്ചതല്ലെങ്കിലും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഇതിനകം തന്‍റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ഐപിഎല്ലില്‍ മികച്ച അക്കൗണ്ടുള്ള രഹാന കഴിഞ്ഞ സീസണില്‍ സെഞ്ച്വറിയോടെ പുറത്താകാതെ 105 റണ്‍സ് സ്വന്തമാക്കിയിരുന്നു. 140 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറിയും 27 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 3,820 റണ്‍സാണ് രഹാനയുടെ ഐപിഎല്ലിലെ സമ്പാദ്യം.
പ്രതിസന്ധി മധ്യനിരയില്‍
നാലാമതായി നായകന്‍ ശ്രേയസ് അയ്യരും അഞ്ചാമതായി റിഷഭ് പന്തും ഡല്‍ഹിക്ക് വേണ്ടി ബാറ്റ് ചെയ്‌തേക്കും. അതേസമയം ഫിനിഷറുടെ റോളില്‍ ആര് ബാറ്റ് ചെയ്യുമെന്നാണ് ഡല്‍ഹിയെ കുഴക്കുന്ന ചോദ്യം. ഈ റോളില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ് ഡല്‍ഹിയുടെ പ്രതിസന്ധി. അടുത്ത കാലത്തായി മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന മാര്‍കസ് സ്റ്റോണിസിനെ ഫിനിഷറായി ഉപയോഗിക്കാനാണ് സാധ്യത. അദ്ദേഹത്തിന് പകരക്കാരനായി ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് കാരിക്കും സാധ്യത തെളിയും. അലക്‌സ് കാരി ആദ്യമായാണ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. ഇതിനകം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചു കഴിഞ്ഞു. ഇരുവരുടെയും അസാന്നിധ്യത്തില്‍ സമ്മര്‍ദ്ദം നിറഞ്ഞ മധ്യ ഓവറുകളില്‍ ഡല്‍ഹിക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുക ദുഷ്‌കരമാകും.
ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഹരിയാനയുടെ ഹര്‍ഷല്‍ പട്ടേലിന്‍റെ പ്രകടനവും നിര്‍ണായകമാകും. ആഭ്യന്തര ക്രിക്കറ്റില്‍ സയ്യിദ് മുഷ്‌താക്ക് അലി ടൂര്‍ണമെന്‍റില്‍ 374 റണ്‍സും 19 വിക്കറ്റും ഹരിയാന സ്വന്തമാക്കിയിരുന്നു. പട്ടേലിന്‍റെ കരുത്തിലാണ് ഹരിയാന ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ചത്.