ദുബായ്: ഐപിഎല്ലില്‍ ഇന്ന് നിർണായക പോരാട്ടം. പോയിന്‍റ് പട്ടികയില്‍ ആറും ഏഴും സ്ഥാനത്തുള്ള രാജസ്ഥാൻ റോയല്‍സും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുന്നു. ടോസ് നേടിയ ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ ബൗളിങ് തെരഞ്ഞെടുത്തു. ജയം അനിവാര്യമായ മത്സരത്തില്‍ രാജസ്ഥാൻ കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിർത്തി. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവരുടെ ഫോമില്ലായ്‌മയാണ് രാജസ്ഥാൻ നേരിടുന്ന പ്രധാന പ്രശ്നം.
അതേസമയം, സൺറൈസേഴ്‌സ് നിരയില്‍ പരിക്കേറ്റ കെയ്‌ൻ വില്യംസണ് പകരം വെസ്റ്റിൻഡീസ് നായകനും ഓൾറൗണ്ടറുമായ ജേസൺ ഹോൾഡർ ടീമിലെത്തി. ഹോൾഡറുടെ ഈ ടൂർണമെന്‍റിലെ ആദ്യമത്സരമാണിത്.
അതോടൊപ്പം മലയാളി താരം ബേസില്‍ തമ്പിക്ക് പകരം സ്പിന്നർ ഷഹബാദ് നദീം കളിക്കും. കളിച്ച ഒൻപത് മത്സരങ്ങളില്‍ മൂന്ന് ജയവും ആറ് തോല്‍വിയുമുള്ള സൺറൈസേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാല്‍ നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തില്‍ അവർക്ക് അഞ്ചാമതെത്താം. ഇനി കിംഗ്സ് ഇലവൻ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നി ടീമുകളെയാണ് ഹൈദരാബാദിന് ടൂർണമെന്‍റില്‍ നേരിടാനുള്ളത്.
അതേസമയം, പത്ത് മത്സരങ്ങളില്‍ നാല് ജയവും ആറ് തോല്‍വിയുമുള്ള രാജസ്ഥാന് മുംബൈ ഇന്ത്യൻസ്, പഞ്ചാബ്, കൊല്‍ക്കൊത്ത എന്നി ടീമുകളെയാണ് ഇനി നേരിടാനുള്ളത്. ഇരു ടീമുകൾക്കും ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.