ഷാർജ: പരിമിത ഓവർ ക്രിക്കറ്റിലെ ബുദ്ധിരാക്ഷസനാണ് ഇന്ത്യൻ ടീമിന്‍റെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി. പക്ഷേ പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലെന്ന അവസ്ഥയിലാണ് ഇപ്പോൾ ധോണി. വയസൻ പടയുമായി ടി-20 കളിച്ചാല്‍ ഗതി പിടിക്കില്ലെന്ന് കളി അറിയാവുന്നവരൊക്കെ ഉപദേശിച്ചു. രക്ഷയില്ല... ധോണി പിടിച്ച മുയലിന്‍റെ കൊമ്പുകളുടെ എണ്ണം കൂടുതലായിരുന്നു. പക്ഷേ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എംഎസ് ധോണി എന്ന നായകൻ പ്രതീക്ഷയിലാണ്. തന്നോടൊപ്പമുള്ളവർ അവരുടെ ദിവസത്തില്‍ ആരെയും തോല്‍പ്പിക്കും. അതാണ് ധോണി ലൈൻ...
ഇനിയങ്ങോട്ട് എല്ലാ കളികളും ജയിക്കണം എന്ന് ധോണിക്കറിയാം. അല്ലെങ്കില്‍ പിന്നെ ഇനിയൊരു ഐപിഎല്‍ കളിക്കാൻ ഇപ്പോഴത്തെ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമില്‍ നിന്ന് ആരുമുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇന്ന് ഷാർജയില്‍ രാത്രി ഏഴരയ്ക്ക് കളി തുടങ്ങുമ്പോൾ എതിരാളികളായ മുംബൈ ഇന്ത്യൻസ് ഒന്നു വിയർക്കും. കാരണം ചെന്നൈയ്ക്ക് ഇന്ന് ജീവൻമരണ പോരാട്ടമാണ്. പരിക്കേറ്റ ഓൾറൗണ്ടർ ഡ്വെയ്‌ൻ ബ്രോവോ മടങ്ങിയതൊന്നും ചെന്നൈ ടീമിനെ ബാധിച്ചിട്ടുണ്ടാകില്ല. യുവതാരങ്ങളില്‍ സ്‌പാർക്കില്ലെന്ന് ധോണി പറഞ്ഞതും വെറുതെയാകില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷേ അപ്പോഴെല്ലാം ഫാഫ് ഡുപ്ലിസിയും ഷെയ്‌ൻ വാട്‌സണും കേദാർ ജാദവും ധോണിയും അടങ്ങുന്ന ഡാഡ് ആർമി തകർത്തു കളിക്കേണ്ടി വരും.
പത്ത് മത്സരങ്ങളില്‍ മൂന്ന് ജയവും ഏഴ് തോല്‍വിയുമുള്ള ചെന്നൈ ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടുമ്പോൾ മത്സരം ശക്തമാകുമെന്നുറപ്പ്. ചെന്നൈ നിരയില്‍ തകർപ്പൻ ഫോമിലുള്ളത് രവീന്ദ്ര ജഡേജയും സാംകറാനും മാത്രമാണ്. അതുകൊണ്ടു തന്നെ ചെന്നൈ ടീമില്‍ ഇന്ന് ചില അഴിച്ചുപണികളുണ്ടാകുമെന്നാണ് സൂചന. ബാറ്റിങ് ഓർഡറില്‍ വൺ ഡൗണായി യുവതാരം റിതുരാജ് ഗെയ്‌ക്‌വാദ് തിരിച്ചെത്തിയേക്കും. അതോടൊപ്പം കരൺ ശർമയ്ക്ക് പകരം മലയാളി പേസർ കെഎം ആസിഫും കളിച്ചേക്കും. അതോടൊപ്പം ഇതുവരെ അവസരം നല്‍കാതിരുന്ന വെറ്ററൻ സ്‌പിന്നർ ഇമ്രാൻ താഹിറും ചെന്നൈ നിരയില്‍ ഇടം കണ്ടെത്തിയേക്കും.
മറുപുറത്ത് മുംബൈ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ സൂപ്പർ ഓവറില്‍ പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും ഒൻപത് കളികളില്‍ ആറും ജയിച്ചാണ് മുംബൈ വരുന്നത്. ഇന്ന് ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനാകും മുംബൈ ഇന്ത്യൻസ് ശ്രമിക്കുക.
അതോടൊപ്പം നായകൻ രോഹിത് ശർമയ്ക്ക് ഇന്ന് വിശ്രമം നല്‍കാനും മുംബൈ ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ക്രിസ് ലിൻ ടീമിലെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മധ്യനിര ബാറ്റ്‌സ്‌മാൻ ഇഷാൻ കിഷന് പകരം സൗരഭ് തിവാരിയെ ടീമിലെടുക്കാനും സാധ്യതയുണ്ട്. ക്രിസ് ലിൻ ടീമിലെത്തിയാല്‍ ഒരു വിദേശ താരത്തെ ഒഴിവാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ പേസ് ബൗളിങില്‍ കോർട്ടല്‍ നൈലിന് പകരം ധവാല്‍ കുല്‍ക്കർണിയും മുംബൈക്ക് വേണ്ടി കളിക്കും. ടൂർണമെന്‍റിലെ ഉദ്ഘാടനത്തില്‍ ഏറ്റുമുട്ടിയപ്പോൾ ചെന്നൈയ്ക്കായിരുന്നു ജയം.