അബുദബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്‌ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 17ആം ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി മുംബൈ മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാൻ ക്വിന്‍റൻ ഡി കോക്കിന്‍റെ മികച്ച പ്രകടനമാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. എട്ട് കളികളില്‍ നിന്ന് നാലാമത്തെ തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത എട്ട് പോയന്‍റുമായി ലീഗില്‍ നാലാമതാണ്.
കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ലീഗില്‍ മുംബൈ വീണ്ടും ഒന്നാമത്
കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 17ആം ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി മുംബൈ മറികടന്നു.
ദിനേഷ് കാര്‍ത്തിക്കിന് പകരം ഓയിൻ മോര്‍ഗന്‍റെ ക്യാപ്‌റ്റൻസിയിലാണ് കൊല്‍ക്കത്ത കളത്തിലിറങ്ങിയത്. എന്നാല്‍ ടീമിലാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബൗളർമാരാണ് കൊല്‍ക്കത്തയെ ചെറിയ റൺസിന് ഒതുക്കിയത്. മുംബൈക്കായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അഞ്ച് വിക്കറ്റിന് 61 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ടീമിനെ ഓയിൻ മോര്‍ഗൻ - പാറ്റ് കമ്മിൻസ് സഖ്യമാണ് രക്ഷിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും 57 പന്തുകളില്‍ നിന്ന് 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 36 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍. 29 പന്തുകള്‍ നേരിട്ട മോര്‍ഗന്‍ 39 റണ്‍സോടെ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ മുംബൈ അതിവേഗം ബാറ്റ് ചെയ്‌തു. ആറാം ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ രോഹിത് ശര്‍മ - ക്വിന്‍റണ്‍ ഡി കോക്ക് സഖ്യം ടീം സ്‌കോര്‍ 50 കടത്തി. 25ആം പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും അടക്കം ഡി കോക്ക് അര്‍ധസെഞ്ച്വറി കടന്നു. മറുവശത്ത് കരുതലോടെയാണ് രോഹിത് ശര്‍മ കളിച്ചത്. പത്താം ഓവറില്‍ പുറത്താകുമ്പോള്‍ 36 പന്തില്‍ 35 റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് 10 റണ്‍സെടുത്ത് മടങ്ങി. തുടര്‍ന്ന് വന്ന ഹര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് ഡി കോക്ക് ടീമിനെ ജയിപ്പിച്ചു. 44 പന്തില്‍ മൂന്ന് ഫോറും ഒമ്പത് സിക്‌സുമടക്കം ഡി കോക്ക് 78 റണ്‍സെടുത്തു. കൊല്‍ക്കത്തയ്‌ക്കായി ശിവം മാവിയും, വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീഴ്‌ത്തി. ഞായറാഴ്‌ച കിങ്സ് ഇലവൻ പഞ്ചാബിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. അതേ ദിവസം സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍.