ഷാർജ: ഓരോ മത്സരം കഴിയുന്തോറും ടി-20 ക്രിക്കറ്റിന്‍റെ എല്ലാ അനിശ്ചിതത്വവും നിറച്ചാണ് ഈ ഐപിഎല്‍ ടൂർണമെന്‍റ് പുരോഗമിക്കുന്നത്. ഓരോ ടീമും 11 മത്സരം പൂർത്തിയാക്കുമ്പോൾ ആരെല്ലാം പ്ലേ ഓഫിലെത്തും എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇന്നലെ രാജസ്ഥാൻ റോയല്‍സ് മുംബൈ ഇന്ത്യൻസിനെ തോല്‍പ്പിച്ചതോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ആറും ഏഴും സ്ഥാനത്തുള്ള രാജസ്ഥാൻ, ഹൈദരാബാദ് എന്നിവർക്കും പ്ലേ ഓഫ് സാധ്യതയുണ്ട്.
ഇനിയുള്ള മൂന്ന് മത്സരങ്ങൾ എല്ലാ ടീമുകൾക്കും നിർണായകമാണ്. മറ്റ് ടീമുകളുടെ ജയവും തോല്‍വിയും റൺറേറ്റും ഓരോ ടീമിനെയും ബാധിക്കും. ഇന്ന് ഷാർജയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കിംഗ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടുമ്പോൾ ഇരുവർക്കും ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് തുടർ ജയങ്ങളുമായി ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. മികച്ച ബാറ്റിങ് നിരയും ബൗളിങ് കരുത്തുമുള്ള പഞ്ചാബ് ആദ്യ മത്സരങ്ങളില്‍ തോല്‍വി നേരിട്ടെങ്കിലും ടീമെന്ന നിലയില്‍ ഇപ്പോൾ ആരെയും തോല്‍പ്പിക്കാൻ സജ്ജമാണ്. സമാന സാഹചര്യമാണ് കൊല്‍ക്കത്തയും അനുഭവിക്കുന്നത്. അവരുടെ ദിവസത്തില്‍ ആരെയും തോല്‍പ്പിക്കും. ചിലപ്പോൾ ആരോടും തോല്‍ക്കുകയും ചെയ്യും.