ദുബായ്: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരം. ഇതേവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച ഇരു ടീമുകള്‍ക്കും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. രണ്ട് ജയം മാത്രമാണ് മുന്‍ ചാമ്പ്യന്‍മാരായ ഹൈദരാബാദിനുള്ളത്. അതേസമയം ഒരു ജയം മാത്രമുള്ള കിങ്സ് ഇലവന്‍ അവസാന സ്ഥാനത്താണ്.
ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് 34 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഏറ്റുവാങ്ങിയത്. 60 റണ്‍സെടുത്ത നായകന്‍ ഡേവിഡ് വാര്‍ണര്‍ മുന്നില്‍ നിന്ന് നയിച്ചത് കൊണ്ടാണ് മുംബൈക്ക് മുന്നില്‍ ഹൈദരാബാദിന് പൊരുതി നല്‍ക്കാനെങ്കിലും ആയത്. കൂറ്റന്‍ വിജയ ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോഴാണ് ഹൈദരാബാദിന് പിഴക്കുന്നത്. ഐപിഎല്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു ടീം ഷാര്‍ജയില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യാതെ പുറത്താകുന്നത്. ഇന്ന് ദുബായില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ടോസ് നേടി പഞ്ചാബിന് എതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താനാകും ഹൈദരാബാദിന്‍റെ ശ്രമം.
വമ്പന്‍ സ്‌കോര്‍ പിന്തുടരാന്‍ ശേഷിയുള്ള ടീമാണെന്ന് കെഎല്‍ രാഹുലിന്‍റെ നേതൃത്വത്തിലുള്ള കിങ്സ് ഇലവന്‍ ഇതിനകം തെളിയിച്ച് കഴിഞ്ഞു. സീസണില്‍ ഇതിനകം രണ്ട് തവണ 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. പൊരുതി തോറ്റ ടീമെന്ന പേരും പഞ്ചാബിന് സ്വന്തമാണ്. കെഎല്‍ രാഹുലിന്‍റെയും മായങ്ക് അഗര്‍വാളിന്‍റെയും നേതൃത്വത്തില്‍ സീസണില്‍ ബാറ്റിങ്ങില്‍ ഇതിനകം കരുത്ത് തെളിയിച്ച ടീമാണ് പഞ്ചാബ്. സീസണില്‍ സെഞ്ച്വറി സ്വന്തമാക്കാനായത് ഇരുവര്‍ക്കും മാത്രമാണ്.
ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിലെ പിഴവുകളാണ് പഞ്ചാബിന് വിനയാകുന്നത്. തല്ലുകൊള്ളി ബൗളറെന്ന പേരുള്ള മുഹമ്മദ് ഷമിയാണ് പഞ്ചാബിന് തലവേദന സൃഷ്‌ടിക്കുന്നത്. വിക്കറ്റ് വീഴ്‌ത്തുന്നതില്‍ കുറവ് വരുത്തുന്നില്ലെങ്കിലും റണ്‍സ് വഴങ്ങുന്നതിലെ ധാരാളിത്തമാണ് ടീമിന് വിനയാകുന്നത്. അവസാന മത്സരത്തില്‍ 3.4 ഓവര്‍ എറിഞ്ഞ പേസര്‍ ഷമി വിക്കറ്റൊന്നും എടുക്കാതെ 35 റണ്‍സ് വഴങ്ങിയിരുന്നു. രവി ബിഷ്‌ണോയി, ഷെല്‍ഡ്രണ്‍ കോട്രാല്‍ എന്നി ബൗളേഴ്‌സും താളം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. ഹൈദരാബാദിനെതിരെ ജയം കണ്ടെത്താന്‍ പുതിയ ബൗളിങ് തന്ത്രങ്ങള്‍ ലോകേഷ് രാഹുലിന് ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടിവരും.
ഇരു ടീമുകളും ഇതിന് മുമ്പ് 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 തവണയും ഹൈദരാബാദിന് ഒപ്പമായിരുന്നു ജയം. പഞ്ചാബ് നാല് തവണയും വിജയിച്ചു. രാത്രി 7.30ന് ദുബായി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം.