കുട്ടിക്രിക്കറ്റിലെ അനിശ്ചിതത്വങ്ങള്‍ക്ക് നടുവില്‍ ഇന്ന് ഐപിഎല്‍ എലിമിനേറ്റര്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് പോരാട്ടം. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. ഇന്നത്തെ മത്സരം പൂര്‍ത്തിയാകുന്നതോടെ ഐപിഎല്‍ 13ാം സീസണിലെ കിരീടപോരാട്ടത്തില്‍ മൂന്ന് ടീമുകളായി ചുരുങ്ങും.
സണ്‍റൈസേഴ്‌സിനോട് ഉള്‍പ്പെടെ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടാണ് കോലിയും കൂട്ടരും എലിമിനേറ്ററില്‍ കളിക്കാന്‍ എത്തുന്നത്. പോരായ്‌മകള്‍ പരിഹരിച്ചില്ലങ്കില്‍ ഹൈദരാബാദിന് മുന്നില്‍ ബാംഗ്ലൂരിന് അടിപതറാന്‍ സാധ്യത ഏറെയാണ്. ആദ്യ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് കളിക്കുന്ന ബാഗ്ലൂരിന് ഇന്നത്തെ മത്സരത്തില്‍ ഓരോ നീക്കവും ജീവന്‍മരണ പോരാട്ടമായി മാറും. ഓപ്പണറെന്ന നിലയില്‍ ടീമിന്‍റെ ടോപ്പ് സ്‌കോറര്‍ ദേവ്‌ദത്ത് പടിക്കല്‍ ഫോമിലാണ്. 14 മത്സരങ്ങളില്‍ നിന്നും 472 റണ്‍സാണ് പടിക്കലിന്‍റെ അക്കൗണ്ടിലുള്ളത്. വണ്‍ ഡൗണായി ഇറങ്ങുന്ന വിരാട് കോലിയാണ് ടീമിന്‍റെ മറ്റൊരു പ്രതീക്ഷ. കണക്കില്‍ കോലി മുന്നിലാണെങ്കിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന പരാതി ബാക്കിയാണ്. 14 മത്സരങ്ങളില്‍ നിന്നും 460 റണ്‍സാണ് സീസണില്‍ കോലിയുടെ സമ്പാദ്യം. സീസണില്‍ ഇതിനകം കളിച്ച മത്സരങ്ങളില്‍ നിന്നം 398 റണ്‍സ് സ്വന്തമാക്കിയ എബി ഡിവില്ലിയേഴ്‌സിലാണ് ബാംഗ്ലൂരിന്‍റെ പ്രതീക്ഷ. ഫോമിലാകുന്ന ദിവസങ്ങളില്‍ കോലിയും ഡിവില്ലിയേഴ്‌സും ഒറ്റക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്‌തരാണ്. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും അപകടകാരിയാണ്. 11 മത്സരങ്ങളില്‍ നിന്നും 236 റണ്‍സാണ് ഫിഞ്ചിന്‍റെ സമ്പാദ്യം. ഓള്‍റൗണ്ട് മികവുമായി വാഷിങ്ടണ്‍ സുന്ദര്‍ മധ്യനിരയിലും സാന്നിധ്യം ഉറപ്പിക്കും.
ബൗളിങ്ങില്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ് ബാഗ്ലൂരിന്‍റെ തുറുപ്പുചീട്ട്. യുഎഇയിലെ അനുകൂല സാഹചര്യങ്ങളില്‍ ചാഹല്‍ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 14 മത്സരങ്ങളില്‍ നിന്നും 20 വിക്കറ്റ് വീഴ്‌ത്തിയ ചാഹല്‍ ടീമിന്‍റെ മുന്‍ നിര വിക്കറ്റ് വേട്ടക്കാരനാണ്. പേസ് ആക്രമണത്തിന് ക്രിസ് മോറിസും മുഹമ്മദ് സിറാജും ഉള്‍പ്പെട്ട സംഘം നേതൃത്വം നല്‍കും. മറ്റ് ടീമുകളെ അപേക്ഷിച്ച് സമ്പന്നമാണ് ബാംഗ്ലൂരിന്‍റെ പേസ് നിര. സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ സിറാജും ഒമ്പത് മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റ് വീഴ്‌ത്തിയ മോറിസും തകര്‍പ്പന്‍ ഫോമിലാണ്. ഇസ്രു ഉഡാന, നവദീപ് സെയ്‌നി, ഓള്‍റൗണ്ടര്‍ ശിവം ദുബെ, ആദം സാംപ എന്നിവരെയും കോലി അന്തിമ ഇലവനില്‍ പരിഗണിച്ചേക്കും.
മറുഭാഗത്ത് ഡേവിഡ് വാര്‍ണര്‍ മുന്നില്‍ നിന്ന് നയിക്കുന്ന ഹൈദരാബാദ് പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ലീഗ് തല മത്സരത്തില്‍ ഹാട്രിക്ക് വിജയം കൊയ്‌താണ് ഹൈദരാബാദ് എലിമിനേറ്റര്‍ കളിക്കാന്‍ എത്തുന്നത്. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് എതിരെ ഷാര്‍ജയില്‍ 10 വിക്കറ്റിന്‍റെ ആധികാരിക വിജയം നേടാന്‍ സാധിച്ചത് വാര്‍ണര്‍ക്കും കൂട്ടര്‍ക്കും കരുത്ത് പകരും. 14 മത്സരങ്ങളില്‍ നിന്നും 529 റണ്‍സ് സ്വന്തമാക്കിയ വാര്‍ണറാണ് സീസണില്‍ ഹൈദരാബാദിന്‍റെ ടോപ്പ് സ്‌കോറര്‍. നാല് മത്സരങ്ങള്‍ മാത്രം കളിച്ച് 200 റണ്‍സ് അടിച്ച് കൂട്ടിയ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയുമായി ചേര്‍ന്ന് ഹൈദരാബാദിന് അബുദാബിയില്‍ കരുത്തുറ്റ തുടക്കം നല്‍കാമെന്ന പ്രതീക്ഷയിലാണ് വാര്‍ണര്‍.
മധ്യനിരയില്‍ കെയിന്‍ വില്യംസണെയും മൂന്നാമനായി ഇംഗ്ലീഷ് താരം ജോണി ബ്രിസ്റ്റോയെയും വാര്‍ണര്‍ പരീക്ഷിച്ചേക്കും. പ്രിയം ഗാര്‍ഗ്, ഓള്‍റൗണ്ടര്‍ ബെന്‍ ജേസണ്‍ ഹോള്‍ഡര്‍ മനീഷ് പാണ്ഡെ തുടങ്ങിയവരും ടീമിനായി വലിയ സംഭാവനകള്‍ നല്‍കാന്‍ കരുത്തുള്ളവരാണ്. ബൗളിങ്ങില്‍ സ്‌പിന്നര്‍ റാഷിദ് ഖാനാണ് ഹൈദരാബാദിന്‍റെ കരുത്ത്. 14 മത്സരങ്ങളില്‍ നിന്നം 19 വിക്കറ്റുകളാണ് സീസണില്‍ ഈ അഫ്‌ഗാന്‍ താരത്തിന്‍റെ പേരിലുള്ളത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുമായ തിളങ്ങുന്ന ഹോള്‍ഡറാണ് വാര്‍ണറുടെ മറ്റൊരു സാധ്യത. സമ്മര്‍ദങ്ങളെ അതിജീവിച്ച് വിക്കറ്റെടുക്കാന്‍ വിന്‍ഡീസ് താരം മിടുക്കനാണ്. 14 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുമായി പേസ് ആക്രമണത്തിന്‍റെ മൂര്‍ച്ചകൂട്ടാന്‍ ടി നടരാജനും 11 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുമായി സന്ദീപ് ശര്‍മയും ടീമിന്‍റെ ഭാഗമാകും. രാത്രി 7.30നാണ് മത്സരം.