ദുബായ്:13ാം സീസണിലെ ഐപിഎല്‍ കിരീടം ആര്‍ക്കെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദുബായില്‍ ചൊവ്വാഴ്‌ച രാത്രി 7.30ന് നടക്കുന്ന കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടും. സീസണിലെ ആദ്യഘട്ടം മുതല്‍ മേല്‍ക്കൈ സ്വന്തമാക്കാന്‍ സാധിച്ച ടീമുകളാണ് മുംബൈയും ഡല്‍ഹിയും. സീസണ്‍ പാതിവഴിയില്‍ എത്തിയതോടെ ഡല്‍ഹിക്ക് ലഭിച്ച മുന്‍തൂക്കം നഷ്‌ടമായെങ്കിലും പിന്നീടവര്‍ക്ക് തിരിച്ചുവരവ് സാധ്യമായി. ഹൈദരാബാദിന് എതിരായ ക്വാളിഫയറില്‍ 17 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയാണ് ഡല്‍ഹി ഫൈനല്‍ മത്സരത്തിന് ടിക്കറ്റ് സ്വന്തമാക്കിയത്.
ക്വാളിഫയറിന് മുമ്പ് ടീം അഴിച്ച് പണിയാനുള്ള നീക്കം ഡല്‍ഹിക്ക് തുണയായി. പൃഥ്വി ഷാക്ക് പകരം മാര്‍ക്കസ് സ്റ്റോണിയസിനെ ഓപ്പണറാക്കാനുള്ള തീരുമാനം ടീമിന് ഗുണം ചെയ്‌തു. നിര്‍ണായക മത്സരത്തില്‍ 27 പന്തില്‍ 38 റണ്‍സെടുത്ത സ്റ്റോണിയസ് ഡല്‍ഹിക്ക് നല്ല തുടക്കമാണ് നല്‍കിയത്. ഹിറ്റ്‌മെയര്‍ ഉള്‍പ്പെടെ അവസരത്തിനൊത്ത് ഉയര്‍ന്നതും ടീമിന് തുണയായി. പേസര്‍ കാസിഗോ റബാദ നയിക്കുന്ന ഡല്‍ഹിയുടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റും ഇതിനകം മോശമല്ലാത്ത ഫോം കൈവരിച്ചിട്ടുണ്ട്. എതിരാളികളെ കറക്കി വീഴ്‌ത്താന്‍ ആര്‍ അശ്വിനും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ റബാദയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ മാര്‍ക്കസ് സ്റ്റോണിയും ഡല്‍ഹിക്ക് തുണയായി. സീസണില്‍ ഇതിനകം 29 വിക്കറ്റുകളാണ് റബാദ സ്വന്തമാക്കിയത്. ആന്‍ട്രിച്ച് നോട്രിജെ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയവരും ഡല്‍ഹിയുടെ പ്രതിരോധം ശക്തമാക്കും.