ദുബായ്: ഐപിഎല്‍ 13ാം സീസണിന്‍റെ കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ എതിരാളികളാരെന്ന് ഇന്നറിയാം. അബുദാബിയില്‍ രാത്രി 7.30ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. തുടര്‍ച്ചയായ അഞ്ചാം ജയം തേടിയെത്തുന്ന ഹൈദരാബാദിനെ തളക്കാന്‍ ഡല്‍ഹി ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലീഗ് തലത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ജയിച്ച് എലിമിനേറ്ററില്‍ ബാംഗ്ലൂരിനെ മുട്ടുകുത്തിച്ചാണ് ഡേവിഡ് വാര്‍ണറും കൂട്ടരും ഡല്‍ഹിയെ എതിരിടാന്‍ എത്തുന്നത്. മറുവശത്ത് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് എതിരായ ആദ്യ ക്വാളിഫയറില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്‍റെ ക്ഷീണത്തിലാണ് ഡല്‍ഹി. ദുബായില്‍ നടന്ന ആദ്യ ക്ല്വാളിഫയറില്‍ ഡല്‍ഹിയുടെ ദൗര്‍ബല്യങ്ങള്‍ ഓരോന്നായി പുറത്ത് വന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും താളം കണ്ടെത്താന്‍ സാധിക്കാതെ വിയര്‍ക്കുന്ന ഡല്‍ഹിയെയാണ് അവസാന മത്സരത്തില്‍ കാണാന്‍ സാധിച്ചത്. സീസണില്‍ രണ്ട് സെഞ്ച്വറിയുമായി തിളങ്ങിയ ശിഖര്‍ധവാന് ഒപ്പം ആര് ഓപ്പണറാകുമെന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഡല്‍ഹിക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വരും. പൃഥ്വി ഷാക്ക് പകരം അജിങ്ക്യാ രഹാനയെ ഓപ്പണറാക്കാന്‍ സാധ്യതയുണ്ട്. സീസണില്‍ 13 ഐപിഎല്ലുള്‍ കളിച്ച പൃഥ്വി എട്ട് തവണ രണ്ടക്കം കാണാതെ പുറത്തായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ഷിമ്രോണ്‍ ഹിറ്റ്മെയറും ഇത്തവണ അന്തിമ ഇലവനില്‍ ഇടം നേടാന്‍ സാധ്യത ഏറെയാണ്. ബൗളിങ്ങില്‍ ഡല്‍ഹിയുടെ പേസ് ആക്രമണത്തിന് പതിവേ പോലെ കാസിഗോ റബാദയും സ്‌പിന്‍ തന്ത്രങ്ങള്‍ക്ക് രവിചന്ദ്രന്‍ അശ്വിനും നേതൃത്വം നല്‍കും.
മറുഭാഗത്ത് ഡേവിഡ് വാര്‍ണര്‍ മുന്നില്‍ നിന്ന് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമെന്ന നിലയില്‍ ശക്തമാണ്. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ എതിരാളികളെ മുട്ടുകുത്തിച്ച ഹൈദരാബാദ് ഇതിനകം ജയം ശീലമാക്കി കഴിഞ്ഞു. വൃദ്ധിമാന്‍ സാഹയുടെയും വിജയ് ശങ്കറിന്‍റെയും പിരിക്കാണ് ഹൈദരബാദിന്‍റെ ആശങ്ക. ഇരുവരും ഇന്ന് നടക്കുന്ന മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ ഇതേവരെ ടീം മാനേജ്മെന്‍റ് ഉറപ്പൊന്നും നല്‍കിയിട്ടില്ല. സാഹക്ക് പരിക്ക് കാരണം ബാംഗ്ലൂരിന് എതിരായ എലിമിനേറ്റര്‍ നഷ്‌ടമായിരുന്നു. ഒരു ഘട്ടത്തല്‍ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്ന ഹൈദരാബാദിന്‍റെ കുതിപ്പ് അത്‌ഭുതകരമായിരുന്നു. മധ്യനിരയിലെ ആശങ്കകള്‍ ഒഴിവാക്കിയാല്‍ ഏത് ടീമിനെയും നേരിടാന്‍ പ്രാപ്‌തമാണ് ഹൈദരാബാദിന്‍റെ ബാറ്റിങ് നിര. ബൗളിങ്ങില്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ ഏത് ടീമിനെയും എറിഞ്ഞിടാന്‍ പ്രാപ്‌തനാണ്. സീസണില്‍ ഡല്‍ഹിക്കെതിരെ രണ്ട് മത്സരങ്ങളിലും മൂന്ന് വിക്കറ്റ് വീതമാണ് ഖാന്‍ സ്വന്തമാക്കിയത്. ഭുവനേശ്വര്‍ കുമാറിന്‍റെ അഭാവത്തില്‍ ഹൈദരാബാദിന്‍റെ പേസ് ആക്രമണത്തിന്‍ ടി നടരാജനാകും ഇത്തവണ നേതൃത്വം നല്‍കുക. സന്ദീപ് ശര്‍മയും ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും ശക്തമായ പിന്തുണ നല്‍കും. സീസണില്‍ ആറ് ഐപിഎല്ലുകളില്‍ നിന്നായി 13 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഹോള്‍ഡര്‍ തകര്‍പ്പന്‍ ഫോമിലാണ്.
സീസണില്‍ ഇതിന് മുമ്പ് ഇരു ടീമുകളും രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഹൈദരാബാദിന് ഒപ്പമായിരുന്നു. ആദ്യ മത്സരത്തില്‍ 15 റണ്‍സിന്‍റെ ജയവും രണ്ടാം മത്സരത്തില്‍ 88 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. അദുബാദിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസും നിര്‍ണായകമാകും. ഷെയ്ഖ് സെയ്യദ് സ്റ്റേഡിയത്തില്‍ അവസാനം നടന്ന ഒമ്പത് മത്സരങ്ങളില്‍ എട്ടിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌തവരാണ്.