ഷാര്‍ജ: ഐ.പി.എല്ലില്‍ രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് തിരഞ്ഞെടുത്തു. ചെന്നൈ ടീമില്‍ പിയുഷ് ചൗളയ്ക്ക് പകരം കേദാര്‍ ജാദവ് തിരിച്ചെത്തി. ഡല്‍ഹി ടീമില്‍ മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കളിക്കുന്നുണ്ട്. ധോണിയുടെ തന്ത്രങ്ങൾക്കൊപ്പം പരിചയ സമ്പന്നരായ താരങ്ങളുടെ നിര കൂടിയാകുമ്പോൾ എല്ലാ സീസണിലും മികച്ച പ്രകടനമാണ് ചെന്നൈ പുറത്തെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങൾ പഴയ പോലെയല്ല.
ഡൽഹിക്കെതിരെ ടോസ് നേടിയ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും - ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ചെന്നൈ ടീമില്‍ പിയുഷ് ചൗളയ്ക്ക് പകരം കേദാര്‍ ജാദവ് തിരിച്ചെത്തി.
എട്ട് മത്സരങ്ങളില്‍ നിന്നായി മൂന്ന് ജയവും അഞ്ച് തോല്‍വിയുമാണ് ധോണിയുടെ ടീമിന്‍റെ സമ്പാദ്യം. പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത്. ഇതുവരെ നടന്ന എല്ലാ ഐപിഎല്‍ ടൂർണമെന്‍റുകളിലും പ്ലേഓഫ് കടന്ന ധോണിക്കും സംഘത്തിനും ഇത്തവണ കാര്യങ്ങൾ അത്ര സുഖകരമല്ല. ടീമിലെ പ്രമുഖരായ അഞ്ച് താരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരാണ്. മറ്റുള്ളവരില്‍ ബഹുഭൂരിപക്ഷവും 30 വയസ് കടന്നവർ. ഡാഡ് ആർമിയെന്ന് പരിഹാസ രൂപേണയും ധോണിയുടെ ടീമിനെ വിളിക്കുന്നവരുണ്ട്. തുടർ തോല്‍വികളില്‍ കടുത്ത ആരാധകർ പോലും നിരാശയിലാണ്. ഇന്ന് ഷാർജയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുമ്പോൾ ചെന്നൈയ്ക്ക് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. ഇനിയുള്ള ഓരോ തോല്‍വിയും പ്ലേഓഫ് സാധ്യത ഇല്ലാതാക്കുമെന്ന് ധോണിക്ക് അറിയാം. ഇന്ന് ജയിച്ച് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനാകും ചെന്നൈ ശ്രമിക്കുക.
അതേസമയം, മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഈ ടൂർണമെന്‍റിലെ ഏറ്റവും സ്ഥിരതയാർന്ന ടീമുകളിലൊന്നാണ്. ഇന്ത്യൻ ടീമില്‍ നിന്ന് അടക്കമുള്ള യുവതാരങ്ങളുടെ കൂട്ടായ്‌മയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എട്ട് മത്സരങ്ങളില്‍ നിന്നായി ആറ് ജയവും രണ്ട് തോല്‍വിയും മാത്രം. പോയിന്‍റ് നിലയില്‍ മുംബൈ ഇന്ത്യൻസിനൊപ്പമാണെങ്കിലും റൺറേറ്റിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ച് ഒന്നാമെതെത്തുക എന്നതാണ് ഡല്‍ഹിയുടെ ലക്ഷ്യം. ടൂർണമെന്‍റിലെ ആദ്യ റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ചെന്നൈയ്ക്ക് എതിരെ 44 റൺസിന്‍റെ ആധികാരിക ജയം ശ്രേയസ് അയ്യരും കൂട്ടരും സ്വന്തമാക്കിയിരുന്നു.