കേരളം

kerala

ETV Bharat / sports

അവസാന പന്തിൽ ജഡേജയുടെ സിക്സർ; കൊൽക്കത്തയെ തകർത്ത് ചെന്നൈ

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. 53 പന്തില്‍ നിന്ന് രണ്ടു സിക്‌സും ആറു ഫോറുമടക്കം 72 റണ്‍സെടുത്ത താരം 18-ാം ഓവറിലാണ് പുറത്തായത്. ഗെയ്ക്‌വാദാണ് കളിയിലെ താരം.

chennai won the match  ദുബായ്  ipl2020  ipl uae2020  chennai super kings  kkr-csk  csk-kkr  കൊല്‍ക്കത്ത  ചെന്നൈ  റുതുരാജ് ഗെയ്ക്‌വാദ്
അവസാന പന്തിൽ ജഡേജയുടെ സിക്സർ; കൊൽക്കത്തയെ തകർത്ത് ചെന്നൈ

By

Published : Oct 30, 2020, 12:34 AM IST

Updated : Oct 30, 2020, 6:15 AM IST

ദുബായ്: അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ തുടരെയുളള രണ്ടു പന്തുകളിൽ സിക്‌സർ പറത്തി ജഡേജ കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. കൊല്‍ക്കത്ത ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ചെന്നൈ മറികടന്നു. ആറു വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ കമലേഷ് നാഗര്‍കോട്ടിയുടെ അഞ്ചാമത്തെയും ആറാമത്തെയും പന്ത് സിക്‌സറിന് പറത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. 11 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. 53 പന്തില്‍ നിന്ന് രണ്ടു സിക്‌സും ആറു ഫോറുമടക്കം 72 റണ്‍സെടുത്ത താരം 18-ാം ഓവറിലാണ് പുറത്തായത്. ഗെയ്ക്‌വാദാണ് കളിയിലെ താരം.

173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഷെയ്ന്‍ വാട്ട്‌സണ്‍ - റുതുരാജ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 7.3 ഓവറില്‍ 50 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 19 പന്തില്‍ 14 റണ്‍സെടുത്ത വാട്ട്‌സണെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് റുതുരാജ് 68 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 38 റണ്‍സെടുത്ത റായുഡു 14-ാം ഓവറില്‍ പുറത്തായതോടെയാണ് ചെന്നൈയുടെ സ്‌കോറിങ് റേറ്റ് താഴ്ന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ ധോണിക്ക് നാലു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. സാം കറന്‍ 14 പന്തില്‍ നിന്ന് 13 റണ്‍സുമായി പുറത്താകാതെ നിന്നു.കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. അര്‍ദ്ധസെഞ്ച്വറിയോടെ 87 റണ്‍സെടുത്ത ഓപ്പണര്‍ നിതീഷ് റാണയുടെ ബലത്തിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. 61 പന്തില്‍ നാല് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു റാണയുടെ ഇന്നിങ്സ്.

ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് റാണ മികച്ച തുടക്കം സമ്മാനിച്ചെങ്കിലും അത് തുടര്‍ന്ന് പോകാന്‍ പിന്നാലെ വന്ന ബാറ്റ്സ്‌മാന്‍മാര്‍ക്ക് സാധിച്ചില്ല. റാണയും ഗില്ലും ചേര്‍ന്ന് 53 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മൂന്നാമനായി ഇറങ്ങിയ സുനില്‍ നരെയ്‌ന്‍ ഏഴ്‌ റണ്‍സെടുത്തും റിങ്കു സിങ് 11 റണ്‍സെടുത്തും പുറത്തായി. ദിനേശ് കാര്‍ത്തിക്കും നായകന്‍ ഓയിന്‍ മോര്‍ഗനും ചേര്‍ന്നുണ്ടാക്കിയ 30 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ 150 കടത്തിയത്. മോര്‍ഗന്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക് 21 റണ്‍സെടുത്തും രാഹുല്‍ ത്രിപാഠി മൂന്ന് റണ്‍സെടുത്തും പുറത്താകാതെ നിന്നു. ലുങ്കി എന്‍ഗിഡി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ചെന്നൈക്ക് വേണ്ടി കരണ്‍ ശര്‍മ, മിച്ചല്‍ സാന്‍റ്നര്‍, രവീന്ദ്ര ജഡേജ, എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Last Updated : Oct 30, 2020, 6:15 AM IST

ABOUT THE AUTHOR

...view details