ഐപിഎല്ലില്‍ രണ്ടാം ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്നിറങ്ങും. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പരാജയപ്പെട്ട ചെന്നൈക്ക് ഇത്തവണ സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. സമാന അവസ്ഥയിലാണ് ഹൈദരാബാദും. പോയിന്‍റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമാണ് ഹൈദരാബാദ്. ഇന്ത്യയുടെ മുൻ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈക്ക് ഇതേവരെ മുന്‍ സീസണുകളിലെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആറാമനായും ഏഴാമനായും ഇറങ്ങിയി ധോണി ടീമിനെ പിന്നില്‍ നിന്ന് നയിക്കുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇവക്കെല്ലാം ഹൈദരാബാദിനെതിരായ മത്സരത്തോടെ മറുപടി പറയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ.
ഷെയിന്‍ വാട്‌സണൊപ്പം വീണ്ടും മുരളി വിജയിയെ ഓപ്പണറായി പരീക്ഷിക്കാന്‍ സാധ്യത കുറവാണ്. പകരം അമ്പാട്ടി റായിഡുവിന് നറുക്ക് വീണേക്കാം. മൂന്നാമനായി ഇതിനകം ഫാഫ് ഡുപ്ലെസി കളം പിടിച്ച് കഴിഞ്ഞു. ധോണി എത് സ്ഥാനത്ത് കളിക്കും എന്ന കാര്യത്തില്‍ ഇതേവരെ ഉറപ്പ് ലഭിച്ചിട്ടില്ല. ബൗളിങ്ങില്‍ ഹേസില്‍വുഡും, ബ്രാവോക്കും ആദം സാംപക്കും പീയൂഷ് ചൗളക്കും നറുക്ക് വീണേക്കും. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജയോ സാം കറാനോ ടീമിന്‍റെ ഭാഗമാകും.
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 15 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയ ഹൈദരാബാദ് ഇത്തവണ ജയം തുടരുകയെന്ന ലക്ഷ്യത്തോടെയാകും ഇറങ്ങുക. 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ റാഷിദ് ഖാനാണ് ബൗളിങ്ങില്‍ ഹൈദരാബാദിന്‍റെ തുറുപ്പ് ചീട്ട്. പേസ് ആക്രമണത്തിന് ഭുവനേശ്വറും ടി നടരാജും നേതൃത്വം നല്‍കും. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബ്രിസ്റ്റോയും തിളങ്ങിയാല്‍ ഏത് സ്‌കോറും നേരിടാന്‍ ഹൈദരാബാദിനാകും. മധ്യനിരയില്‍ കിവീസ് നായകന്‍ കെയിന്‍ വില്യംസണും ബാറ്റിങ്ങിന് നേതൃത്വം കൊടുക്കും.