ദുബായ്: ഐപിഎല്ലില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിന് ഇന്ന് ദുബായ് വേദിയാകും. ചെന്നൈ സൂപ്പര്‍ കിങ്സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ രാത്രി 7.30നാണ് മത്സരം. സീസണില്‍ നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട ടീമുകളാണ് രണ്ടും. മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈക്ക് ജയങ്ങള്‍ കൊണ്ട് വിമര്‍ശകരുടെ വായ അടപ്പിക്കേണ്ടതുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാനാകും ചെന്നൈയുടെ നീക്കം.
കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ പോലും ചെന്നൈക്ക് സാധിച്ചിരുന്നില്ല. ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമായിരുന്നു അത്. കഴിഞ്ഞ നാല് മത്സരത്തിലും ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിച്ചില്ല. അംബാട്ടി റായിഡുവിന്‍റെയും മൂന്നാമനായി ഇറങ്ങുന്ന ഫാഫ് ഡുപ്ലെസിയുടെയും കരുത്തിലാണ് ചെന്നൈ ആദ്യ മത്സരം ജയിച്ചത്. ഫിനിഷറെന്ന നിലയില്‍ നായകന്‍ ധോണിക്കും സീസണില്‍ താളം കണ്ടെത്താനായിട്ടില്ല. ബൗളര്‍മാര്‍ക്ക് റണ്ണൊഴുക്ക് തടയാന്‍ സാധിക്കാത്തതും ഫീല്‍ഡിങ്ങിലെ പിഴവുകളും ചെന്നൈക്ക് തലവേദനയാകുന്നുണ്ട്.