അബുദാബി: ഐപിഎല്ലില്‍ ചെന്നൈ ആരാധകരുടെ തല മഹേന്ദ്രസിങ് ധോണി നൂറ് വിജയങ്ങളുടെ തിളക്കത്തില്‍. 13ാം പതിപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ധോണിക്ക് ഈ നേട്ടം സ്വന്തമായത്. 100 ഐപിഎല്‍ വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ നായകനാണ് ധോണി.
100 ജയങ്ങൾ: ചെന്നൈയുടെ തലയ്ക്ക് റെക്കോഡ്
ഐപിഎല്ലില്‍ ആദ്യമായാണ് ഒരു നായകന്‍ 100 മത്സരങ്ങളില്‍ വിജയിക്കുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള ധോണിയുടെ ആദ്യ ഐപിഎല്‍ മത്സരമാണ് ഇന്നലെ മുംബൈയ്ക്ക് എതിരെ നടന്നത്.
ഇതിന് മുമ്പ് അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈക്ക് ഒപ്പമായിരുന്നു. 2018ലാണ് ഇതിന് മുമ്പ് ധോണിയും കൂട്ടരും ഐപിഎല്ലില്‍ മുംബൈക്ക് എതിരെ ജയിച്ചത്. അബുദാബിയില്‍ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 162 റണ്‍സെന്ന വിജയ ലക്ഷ്യം സിഎസ്‌കെ നാല് പന്ത് ശേഷിക്കെ മറികടന്നു.
ലീഗിലെ അടുത്ത മത്സരത്തില്‍ ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. സെപ്‌റ്റംബര്‍ 22ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അബുദാബിയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മുംബൈയുടെ അടുത്ത എതിരാളികള്‍. സെപ്‌റ്റംബര്‍ 23നാണ് നിലവിലെ ചാമ്പ്യന്‍മാരുടെ രണ്ടാം മത്സരം.