ദുബായ്: 12 കളികളില്‍ എട്ടെണ്ണത്തിലും തോറ്റു. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇനി ഈ ഐപിഎല്ലില്‍ റോളില്ല. പക്ഷേ അഭിമാനം എന്നൊന്നുണ്ട്. കാരണം മൂന്ന് കിരീടങ്ങൾ നേടിയ ടീമാണ്. ഇതുവരെ പ്ലേ ഓഫ് കാണാതെ ചെന്നൈ ടൂർണമെന്‍റ് അവസാനിപ്പിച്ചിട്ടില്ല. ഇന്ന് ദുബായില്‍ രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുമ്പോൾ ധോണിക്കും സംഘത്തിനും അഭിമാനപ്പോരാട്ടമാണ്.
പക്ഷേ കൊല്‍ക്കത്തയുടെ കാര്യം അങ്ങനെയല്ല, അവർക്ക് പ്ലേഓഫ് പ്രതീക്ഷകൾ ഇപ്പോഴുമുണ്ട്. പക്ഷേ ഇനിയൊരു തോല്‍വി സംഭവിച്ചാല്‍ പിന്നെ പ്ലേ ഓഫ് കാണണമെങ്കില്‍ മറ്റുള്ള ടീമുകളുടെ ജയ പരാജയങ്ങളെ ആശ്രയിക്കണം. ഇനിയുള്ള രണ്ട് മത്സരങ്ങളും അക്ഷരാർഥത്തില്‍ കൊല്‍ക്കത്തയ്ക്ക് മരണപ്പോരാണ്.
പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ ചെന്നൈയ്ക്ക് ഇന്ന് സമ്മർദ്ദമില്ലാതെ കളിക്കാം. പ്ലേ ഓഫിനായി കാത്തിരിക്കുന്ന കൊല്‍ക്കത്തയ്ക്ക് എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് വേണം ഇന്ന് കളിക്കാൻ. ടൂർണമെന്‍റില്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ ജയം കൊല്‍ക്കത്തയ്ക്കൊപ്പമായിരുന്നു. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ച ആത്മവിശ്വാസം ചെന്നൈയ്ക്കുണ്ട്.
യുവതാരങ്ങൾ ഫോമിലെത്തിയതും ധോണിക്ക് ആശ്വാസമാണ്. റിതുരാജ് ഗെയ്‌ക് വാദ്, എൻ ജഗദീശൻ, സാം കറാൻ. മിച്ചല്‍ സാന്‍റ്നർ, മോനു കുമാർ എന്നിവരുടെ പ്രകടനം ഇന്ന് നിർണായകമാകും. ബാംഗ്ലൂരിന് എതിരെ കളിച്ച അതേടീമിനെ തന്നെയാകും ചെന്നൈ ഇന്ന് കളത്തിലിറക്കുക. എന്നാല്‍ കൊല്‍ത്തക്ക നിരയില്‍ ആന്ദ്രെ റസലിന്‍റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ നിലനിർത്താനാകും കൊല്‍ക്കത്തയും ശ്രമിക്കുക.