ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ബാംഗ്ലൂർ ഉയർത്തിയ 214 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് നിശ്ചിത 20 ഓവറിൽ 203 റൺസെടുക്കാനെ സാധിച്ചുള്ളൂ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി നായകൻ വിരാട് കോലിയുടെ(100) സെഞ്ച്വറിയുടെയും മോയിൻ അലിയുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെയും (28 പന്തിൽ 66) കരുത്തിൽ കൂറ്റൻ സ്കോർ നേടുകയായിരുന്നു. 15 ഓവറില്‍ 122-2 എന്ന നിലയിൽ നിന്നാണ് ആർസിബി 213 റൺസ് സ്കോറിലെത്തിയത്. കുൽദീപ് യാദവിന്‍റെ 16-ാം ഓവറിൽ 26 റൺസ് നേടി അലിയാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. ആ ഓവറിൽ തന്നെ അലി പുറത്തായെങ്കിലും ആക്രമണം ഏറ്റെടുത്ത കോലിയും അവസാന ഓവറുകളില്‍ തകർത്തടിച്ച സ്റ്റോയിനസും ചേര്‍ന്ന് ബാംഗ്ലൂരിനെ 200 കടത്തി. 40 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ കോലി 57 പന്തിൽ സെഞ്ച്വറി തികക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. അഞ്ച് ഓവറിൽ 33 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നൈറ്റ് റൈഡേഴ്സിന് നഷ്ടമായി. പിന്നീട് റോബിൻ ഉത്തപ്പയും നിതീഷ് റാണയും സ്കോർ മുന്നോട്ട് കൊണ്ടുപോയി. സ്കോർ കണ്ടെത്താൻ വിഷമിച്ച ഉത്തപ്പ 12-ാം ഓവറിൽ പുറത്തായതോടെ റസൽ ക്രീസിലെത്തി. അതോടെ കളിമാറിയ കൊൽക്കത്ത വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. റസല്‍ ക്രീസിലെത്തുമ്പോള്‍ നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ 49 പന്തില്‍ 135 റൺസ് വേണമായിരുന്നു. അവിടുന്ന് റാണയും റസലും ചേര്‍ന്ന് അവിശ്വസനീയ ഇന്നിംഗ്സ് പുറത്തെടുത്തു. 25 പന്തില്‍ 65 റൺസെടുത്ത് റസലും 46 പന്തില്‍ 85 റൺസെടുത്ത് നിതീഷ് റാണയും പൊരുതിനോക്കിയെങ്കിലും 10 റൺസ് അകലെ കൊൽക്കത്ത വീഴുകയായിരുന്നു.
ബാംഗ്ലൂരിനോട് തോറ്റതോടെ സീസണിലെ തുർച്ചയായ നാലാം തോൽവിയാണ് കൊൽക്കത്ത വഴങ്ങിയത്. ആർസിബിക്കായി ഡെയിൽ സ്റ്റെയിൻ രണ്ട് വിക്കറ്റും നവ്ദീപ് സൈനി, മാർക്കസ് സ്റ്റോയിൻസ് എന്നിവർ ഓരോ വിക്കറ്റും നേടി.