ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം മൂന്ന് ഓവർ ബാക്കിനിൽക്കെ സൺറൈസേഴ്സ് മറികടക്കുകയായിരുന്നു.
ചെന്നൈയെ പിടിച്ചുകെട്ടി ഹൈദരാബാദ്
തുടർച്ചയായ മൂന്ന് തോൽവിക്ക് ശേഷമാണ് സൺറൈസേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഹൈദരാബാദിനായി.
എംഎസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഷെയിൻ വാട്സണും ഫാഫ് ഡുപ്ലെസിസും ചെന്നൈക്ക് മികച്ച തുടക്കം നൽകി. 10 ഓവറിൽ ഇരുവരും 79 റൺസ് കൂട്ടിച്ചേർത്തു. ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ മികച്ച നിലയിലായിരുന്ന ചെന്നൈ പിന്നീട് തകർന്നടിയുകയായിരുന്നു. അവസാന പത്തോവറിൽ 52 റണ്‍സ് മാത്രമാണ് സിഎസ്കെയ്ക്ക് നേടാനായത്. അവസാന ഓവറുകളിൽ അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയും ക്രീസിൽ ഉണ്ടായിരുന്നെങ്കിലും ഹൈദരാബാദ് ബൗളേഴ്സിന്‍റെ തകർപ്പൻ പ്രകടനം ചെന്നൈയെ 132 ൽ ഒതുക്കി. ഹൈദരാബാദിനായി റഷീദ് ഖാന്‍ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ സൺറൈസേഴ്സിന് ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും വെടിക്കെട്ട് തുടക്കം നൽകി. ആറാം ഓവറിൽ വാർണറെ (50) പുറത്താക്കി ദീപക് ചാഹർ ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. ഏഴാം ഓവറിൽ കെയിൻ വില്യംസണും(3), 13-ാം ഓവറിൽ വിജയ് ശങ്കറും(7) പുറത്തായപ്പോൾ ഹൈദരാബാദ് സമ്മർദത്തിലായെങ്കിലും അവസരം മുതലെടുത്ത് ബെയസ്റ്റോ കത്തിക്കയറി. 44 പന്തിൽ 61 റൺസെടുത്ത ഇംഗ്ലണ്ട് താരം 17-ാം ഓവറിൽ സൺറൈസേഴ്സിന് അനായാസ ജയം നേടിക്കൊടുത്തു. ജയത്തോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ കൊല്‍ക്കത്തയെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തി.