ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് തുടർച്ചയായി മൂന്ന് ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്നിറങ്ങുന്നത്.
കളിക്കരുത്തിലും താരസമ്പന്നതയിലും തുല്യശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന മുംബൈയും ഹൈദരാബാദും ഇന്ന് നേർക്കുനേർ വരുമ്പോൾ ആരാധകരുടെ ആവേശം വാനോളും ഉയരും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട സൺറൈസേഴ്സ് ഗംഭീര തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. തോല്‍വിയറിയാതെ ഈ സീസണില്‍ കുതിച്ച ചെന്നൈയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് രോഹിതും സംഘവും ഇന്നിറങ്ങുന്നത്. ഹൈദരാബാദിന്‍റെ ബാറ്റിംഗ് കരുത്തും മുംബൈയുടെ ബോളിംഗ് കരുത്തും തമ്മിലുള്ള പോരാട്ടത്തിനാവും മത്സരം സാക്ഷ്യം വഹിക്കുക. ഇരുടീമുകളും ടീമില്‍ കാര്യമായ മാറ്റങ്ങൾ വരുത്താതെയാവും ഇന്ന് കളത്തിലിറങ്ങുക.
ഹൈദരാബാദിന്‍റെ ഏറ്റവും വലിയ കരുത്ത് ഓപ്പണർമാരായ ഡേവിഡ് വാർണറിന്‍റെയും ജോണി ബെയർസ്റ്റോയുടെയും പ്രകടനമാണ്. കഴിഞ്ഞ മത്സരങ്ങളില്‍ ഇരുവരുടെയും പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതും. നാല് മത്സരങ്ങളില്‍ നിന്ന് 61.50 ശരാശരിയില്‍ 264 റൺസുമായി വാർണറാണ് നിലവിലെ ടോപ് സ്കോറർ. 61.50 ശരാശരിയില്‍ 246 റൺസ് നേടിയ ജോണി ബെയർസ്റ്റോ രണ്ടാം സ്ഥാനത്താണ്. ഇന്ത്യൻ താരം വിജയ് ശങ്കർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പരിക്കേറ്റ കെയ്ൻ വില്ല്യംസൺ ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മധ്യനിരയില്‍ മനീഷ് പാണ്ഡെ, ദീപക് ഹൂഡ, യൂസഫ് പഠാൻ എന്നിവർ കളിക്കും. അഫ്ഗാൻ താരങ്ങളായ മുഹമ്മദ് നബിയും റാഷീദ് ഖാനും അവസാന ഓവറുകളില്‍ നടത്തുന്ന വെടിക്കെട്ടും ഹൈദരാബാദിന് പ്രതീക്ഷ നല്‍കുന്നു. ബൗളിംഗില്‍ ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ, സന്ദീപ് ശർമ്മ എന്നിവരുടെ പേസ് ബൗളിംഗിനൊപ്പം റാഷീദിന്‍റെയും നബിയുടെയും സ്പിൻ ബൗളിംഗ് കൂടി ചേരുമ്പോൾ ആതിഥേയരുടെ ബൗളിംഗിന്‍റെ ശക്തിയേറും.
ആദ്യ മത്സരങ്ങളില്‍ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന മുംബൈയുടെ ബാറ്റിംഗ് നിര ചെന്നൈക്കെതിരെ മികവ് പുലർത്തി. രോഹിത് ശർമ്മയും, ക്വിന്‍റൺ ഡി കോക്കും ഓപ്പണർമാരായി ഇറങ്ങും. മൂന്നാമനായി ഇറങ്ങുന്ന സൂര്യകുമാർ യാദവ് ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ യുവരാജ് സിംഗ് തുടർച്ചയായി പരാജയപ്പെടുന്നത് ടീമിനെ ബാധിക്കുന്നു. ഇഷാൻ കിഷാനെ പോലെയുള്ള യുവതാരങ്ങൾ അവസരത്തിനായി കാത്തിരിക്കുമ്പോഴും മുംബൈ യുവരാജിന് ഇന്നും അവസരം നല്‍കാനാണ് സാധ്യത. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ ക്രുണാല്‍ പാണ്ഡ്യയും ഹാർദ്ദിക് പാണ്ഡ്യയും വിജയിച്ചു കഴിഞ്ഞു. ബൗളിംഗില്‍ ലസിത് മലിംഗയുടെ അഭാവം മുംബൈയെ ഇന്ന് ബാധിച്ചേക്കും. ബുംറ മികച്ച ഫോമില്‍ തുടരുന്നത് മുംബൈക്ക് ആശ്വാസം പകരുന്നു. മലിംഗയുടെ വിടവ് നികത്താൻ ബെഫറൻഡോർഫിന് കഴിയുമോ എന്ന് കാണേണ്ടിയിരിക്കുന്നു. മിച്ചല്‍ മഗ്ലനാഗൻ ടീമില്‍ തിരിച്ചെത്തിയേക്കും.
ഇരുവരും പന്ത്രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഏഴ് മത്സരങ്ങളില്‍ ഹൈദരാബാദും അഞ്ച് മത്സരങ്ങളില്‍ മുംബൈയും ജയിച്ചു. ഹൈദരാബാദില്‍ ആറ് തവണയാണ് ഇരു ടീമും ഏറ്റുമുട്ടിയത്. ഇതില്‍ നാല് തവണയും ജയം സണ്‍റൈസേഴ്‌സിനായിരുന്നു. രണ്ട് തവണ മാത്രമാണ് മുംബൈക്ക് ജയിക്കാനായത്.