ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരുടീമുകളും നേർക്കുന്നേർ വരുന്നത്. ബെംഗളൂരുവില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മുംബൈ ആറ് റൺസിന് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയിരുന്നു. തുടർച്ചയായ ആറ് തോല്‍വികൾക്ക് ശേഷം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ബാംഗ്ലൂർ ഇന്ന് മുംബൈയെ തോല്‍പ്പിച്ച് പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്താനാകും ശ്രമിക്കുക. അതേസമയം മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയല്‍സിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ വഴങ്ങിയ തോല്‍വിയില്‍ നിന്നും കരകയറാനുള്ള തയ്യാറെടുപ്പിലാണ്.
കിംഗ്സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്തായിരുന്നു ബാംഗ്ലൂരിന്‍റെ തിരിച്ചുവരവ്. നായകൻ വിരാട് കോലിയുടെയും ഡിവില്ലിയേഴ്സിന്‍റെയും അർധ സെഞ്ച്വറികളാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങൾ ബാംഗ്ലൂർ വരുത്തിയേക്കില്ല. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റുമായി പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ.
രാജസ്ഥാൻ റോയല്‍സിനെതിരെ 188 റൺസിന്‍റെ വിജയലക്ഷ്യം ഉയർത്തിയിട്ടും ജയം സ്വന്തമാക്കാൻ കഴിയാത്തതിന്‍റെ നിരാശ മുംബൈ ഇന്ത്യൻസിനുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ന് ജയിച്ച് രണ്ടാം സ്ഥാനത്തേക്ക് എത്താനാകും ശ്രമിക്കുക. എന്നാല്‍ ഐപിഎല്ലിന്‍റെ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കനത്ത തിരിച്ചടിയാണ് മുംബൈ ഇന്ത്യൻസിന് നേരിടേണ്ടി വരുന്നത്. വെസ്റ്റ് ഇൻഡീസ് പേസർ അല്‍സാരി ജോസഫിന് തോളിന് പരിക്കേറ്റത് രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും തിരിച്ചടിയാകും. ജോസഫിന് പകരം ശ്രീലങ്കൻ പേസർ ലസിത് മലിംഗ ടീമില്‍ തിരിച്ചെത്തിയേക്കും. ഇന്ത്യൻ താരം യുവരാജ് സിംഗിനെ ഇന്ന് ടീമില്‍ ഉൾപ്പെടുത്തമോ എന്ന് കാണേണ്ടിയിരിക്കുന്നു.
ഇരുടീമുകളും 24 തവണ ഏറ്റുമുട്ടിയപ്പോൾ ഒമ്പത് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും 15 മത്സരങ്ങളില്‍ മുംബൈ ഇന്ത്യൻസും ജയിച്ചു.