ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 179 റൺസിന്‍റെ വിജയലക്ഷ്യം. ശുബ്മാൻ ഗില്ലിന്‍റെയും ആന്ദ്രേ റസലിന്‍റെയും തകർപ്പൻ ബാറ്റിംഗാണ് തുടക്കത്തിൽ പതറിയ കൊൽക്കത്തക്ക് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
കൊൽക്കത്തക്കെതിരെ ഡൽഹിക്ക് 179 റൺസ് വിജയലക്ഷ്യം - ഡൽഹി ക്യാപിറ്റൽസ്
തുടക്കത്തിൽ പതറിയ കൊൽക്കത്തക്ക് അവസാന ഓവറുകളിലെ റസലിന്‍റെയും പീയുഷ് ചൗളയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തക്ക് തിരിച്ചടിയോടെയായിരുന്നു തുടക്കം. ആദ്യ പന്തിൽ തന്നെ ഓപ്പണർ ജോ ഡെൻലിയുടെ വിക്കറ്റ് ആതിഥേയർക്ക് നഷ്ടമായി. തകർച്ചയോടെ തുടങ്ങിയെങ്കിലും പിന്നീട് ക്രീസിൽ ഒന്നിച്ച ശുബ്മാൻ ഗില്ലും-റോബിൻ ഉത്തപ്പയും കൂടുതൽ നഷ്ടങ്ങളില്ലാതെ ഒമ്പത് ഓവറിൽ സ്കോർ 60 കടത്തി. പിന്നീട് ഉത്തപ്പയും റാണയും പെട്ടന്ന് പുറത്തായെങ്കിലും ഗില്ല് തകർത്തടിച്ചു. 15-ാം ഓവറിൽ ഗില്ല് പുറത്തായെങ്കിലും (39 പന്തിൽ 65 റൺസ്) സ്കോർ 114 ൽ എത്തിയിരുന്നു. പിന്നീട് നൈറ്റ് റൈഡേഴ്സിന്‍റെ സൂപ്പർ താരം ആന്ദ്രേ റസൽ സ്കോർ 160 കടത്തി. 21 പന്തിൽ 45 റൺസെടുത്ത റസൽ പുറത്തായെങ്കിലും അവസാന ഓവറുകളിൽ പിയൂഷ് ചൗള നടത്തിയ പ്രകടനം 14(6)* കൊൽക്കത്തയെ 178 റൺസിലെത്തിക്കുകയായിരുന്നു. ഡൽഹിക്കായി കഗിസോ റബാഡ, കീമോ പോള്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.