റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തലവേദനയായി ഡെയ്ല്‍ സ്റ്റെയിന്‍റെ പരിക്ക്. പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ മിന്നും താരം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല.
ഡെയ്ല്‍ സ്റ്റെയിൻ പുറത്ത്; ബാംഗ്ലൂരിന് കനത്ത തിരിച്ചടി - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ
പരിക്കേറ്റ ഡെയ്ല്‍ സ്റ്റെയിൻ ഐപിഎല്ലില്‍ നിന്ന് പുറത്ത്. ഈ സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് സ്റ്റെയിൻ വീഴ്ത്തിയത് നാല് വിക്കറ്റുകൾ .
ഐപിഎല്‍ സീസണിന്‍റെ തുടക്കത്തില്‍ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയതിന് ശേഷം ഗംഭീര തിരിച്ചുവരവാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ നടത്തിയത്. താരലേലത്തില്‍ ആരും സ്വന്തമാക്കാതെയിരുന്ന ഡെയ്ല്‍ സ്റ്റെയിനിനെ ബാംഗ്ലൂർ ടീമില്‍ എത്തിച്ചതോടെ ടീമിന്‍റെ ആത്മവിശ്വാസം കൂടി. തോളിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഇതേത്തുടർന്ന് ഇന്നലെ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തില്‍ സ്റ്റെയിനിന് പകരം ടിം സൗത്തിയാണ് അന്തിമ ഇലവനില്‍ ഇടം നേടിയത്.
ഓസീസ് പേസർ നഥാൻ കോൾട്ടർനൈലിന് പകരക്കാരനായി ബാംഗ്ലൂർ ടീമിലെത്തിച്ച സ്റ്റെയിൻ രണ്ട് മത്സരങ്ങളിലാണ് കളിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയും കളിച്ച മത്സരങ്ങളില്‍ നാല് വിക്കറ്റുകൾ സ്റ്റെയിൻ വീഴ്ത്തിയിരുന്നു. വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച സ്റ്റെയിൻ രണ്ട് മത്സരങ്ങൾ മാത്രം കളിച്ചതിന് ശേഷം ടൂർണമെന്‍റില്‍ നിന്ന് പുറത്തായത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയാണ്.