റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 150 റൺസിന്‍റെ വിജയലക്ഷ്യം. ബാംഗ്ലൂർ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റൺസെടുത്തു. റബാഡയുടെ തകർപ്പൻ ബൗളിംഗിന് മുമ്പില്‍ ബാംഗ്ലൂരിന്‍റെ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു.
ബാംഗ്ലൂരിനെ എറിഞ്ഞിട്ട് റബാഡ; ഡല്‍ഹിക്ക് ജയിക്കാൻ 150 റൺസ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ
റബാഡയുടെ തകർപ്പൻ ബൗളിംഗില്‍ ആടിയുലഞ്ഞ് ബാംഗ്ലൂർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് രണ്ടാം ഓവറില്‍ ഓപ്പണർ പാർത്ഥിവ് പട്ടേലിന്‍റെ വിക്കറ്റ് നഷ്ടമായി. വിരാട് കോലി - ഡിവില്ലിയേഴ്സ് സഖ്യം സ്കോർ മുന്നോട്ട് നയിക്കുമെന്ന് കരുതിയെങ്കിലും ഡിവില്ലിയേഴ്സിനെ റബാഡ 17 റൺസിന് പുറത്താക്കി ബാംഗ്ലൂരിന് തിരിച്ചടി നല്‍കി. നാലാമനായി ഇറങ്ങിയ സ്റ്റോയിനിസും വന്ന വേഗത്തില്‍ പുറത്തായപ്പോൾ ബാംഗ്ലൂർ സ്കോർ 10.4 ഓവറില്‍ 66 റൺസ് മാത്രമായിരുന്നു. പതിവ് ശൈലിയില്‍ ബാറ്റ് വീശാനാകാതെ ബുദ്ധിമുട്ടുന്ന വിരാട് കോലിയെയാണ് ഇന്ന് കാണാൻ സാധിച്ചത്. മോയിൻ അലിയുടെ (18 പന്തില്‍ 32) പ്രകടനമാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. അലി പുറത്തായതോടെ ബാംഗ്ലൂരിന്‍റെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കാണാൻ കഴിഞ്ഞത്.
ഡല്‍ഹിക്ക് വേണ്ടി ദക്ഷിണാഫ്രിക്കൻ താരം റബാഡ നാല് വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് മോറിസ് രണ്ടും അക്സർ പട്ടേല്‍, സന്ദീപ് ലാമിച്ചാനെ എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.