ഐപിഎല്ലിൽ ആന്ദ്രേ റസലിന്‍റെ വെടിക്കെട്ട് ബാറ്റിംഗില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ അഞ്ചാം തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ അഞ്ച് പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
വിരാട് കോലിയുടെയും(84) എബി ഡിവില്ലിയേഴ്സിന്‍റേയും(63) വെടിക്കെട്ട് ബാറ്റിംഗിലാണ് ആർസിബി 205 റൺസെന്ന കൂറ്റൻ സ്കോർ നേടിയത്. പതിവിൽ നിന്നും വിപരീതമായി ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ ഫോമിലെത്തിയെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ തുടക്കം. കോലിയും പാര്‍ത്ഥിവ് പട്ടേലും ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ പട്ടേൽ പുറത്തായതിനുശേഷം കോലി-ഡിവില്ലിയേഴ്സ് ബാറ്റിംഗ് ഷോയ്ക്കായിരുന്നു ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
108 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ സഖ്യം 18-ാം ഓവറിൽ പിരിയുമ്പോൾ ആർസിബി 172 റൺസ് എന്ന നിലയിലായിരുന്നു. അവസാന രണ്ട് ഓവറിൽ സ്റ്റോയിനിസിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് (13 പന്തില് 28) ബാംഗ്ലൂരിനെ 200 കടത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ തകർത്തടിച്ച് തുടങ്ങിയ നൈറ്റ് റൈഡേഴ്സിന് 28 റൺസിൽ നരൈനെ നഷ്ടപ്പെട്ടുവെങ്കിലും റോബിൻ ഉത്തപ്പയും ക്രിസ് ലിന്നും സ്കോർ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോയി. രണ്ടാം വിക്കറ്റില്‍ ഇരുവരും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 10-ാം ഓവറിൽ ഉത്തപ്പയും 12-ാം ഓവറിൽ ലിന്നും മടങ്ങുമ്പോൾ കൊൽക്കത്ത 103 റൺസ് എടുത്തിരുന്നു. പിന്നീടെത്തിയ നിതീഷ് റാണയും മികച്ച പ്രകടനം കാഴ്ചവച്ചു. 16,17 ഓവറുകളിൽ റാണയും കാർത്തിക്കും മടങ്ങുമ്പോൾ കൊൽക്കത്ത 17 ഓവറിൽ അഞ്ചിന് 153 റൺസ് എന്ന നിലയിലേക്ക് പരുങ്ങി. ബാംഗ്ലൂർ ആദ്യ ജയം സ്വപ്നം കണ്ടപ്പോൾ ആന്ദ്രേ റസൽ മാജിക്കിൽ നൈറ്റ് റൈഡേഴ്സ് അനായാസം ജയത്തിലേക്ക് എത്തുകയായിരുന്നു.
അവസാന 13 പന്തില്‍ 53 റണ്‍സെടുത്ത റസലും ഗില്ലുമാണ് സ്വപ്ന തുല്യമായ ജയം സമ്മാനിച്ചത്. 13 പന്തില്‍ ഏഴ് സിക്സും ഒരു ബൗണ്ടറിയുമടക്കം 48 റൺസാണ് റസൽ നേടിയത്. ജയത്തോടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തെത്തി.