ഐപിഎല്ലിന്‍റെ12-ാം പതിപ്പ് തുടങ്ങി നാല് മത്സരങ്ങൾ കഴിഞ്ഞപ്പോഴേക്കും ചർച്ചയായി മങ്കാദിങ് വിവാദം. ഇന്നലെ നടന്ന മത്സരത്തിൽ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ പുറത്താക്കിയ പഞ്ചാബ് നായകൻ രവിചന്ദ്ര അശ്വിന്‍റെനടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ജയത്തിലേക്ക് അനായാസമായി മുന്നേറിയ രാജസ്ഥാൻ തോൽവിയിലേക്ക് കൂപ്പു കുത്താൻ കാരണമായത് ബട്‌ലറുടെ വിവാദ പുറത്താകലാണെന്നും വാദമുണ്ട്. കളിയില്‍ പഞ്ചാബ് നാടകീയ വിജയം സ്വന്തമാക്കിയത് അശ്വിന്‍റെചതിയിലൂടെയാണെന്നത്ആരാധകരെയെല്ലാം ചൊടിപ്പിച്ചിട്ടുണ്ട്.
ലോക ക്രിക്കറ്റില്‍ ഇതാദ്യമായല്ല മങ്കാദിങെന്ന വിവാദ പുറത്താക്കൽ സംഭവിക്കുന്നത്. ഇന്ത്യന്‍ താരം വിനു മങ്കാദാണ് ആദ്യമായി ഇതിന് തുടക്കമിടുന്നത്. അശ്വിനും ബട്ലറും ഇത് രണ്ടാം തവണയാണ് വിവാദമായ മങ്കാദിങിൽ ഉൾപ്പെടുന്നത്.
വിനു മങ്കാദ്
1947-ല്‍ ഓസ്ട്രലിയക്കെതിരെ നടന്ന ടെസ്റ്റിൽ ഇന്ത്യന്‍ താരം വിനു മങ്കാദാണ് ആദ്യമായി എതിര്‍ ടീം ബാറ്റ്‌സ്മാനെ ഇത്തരത്തിൽ പുറത്താക്കിയത്. ബില്‍ ബ്രൗണിനെയാണ് ഇത്തരത്തിൽ മങ്കാദ് പുറത്താക്കിയത്. അങ്ങനെയാണ് ഇത്തരം പുറത്താക്കൽ മങ്കാദിങ് എന്നറിയപ്പെടാൻ കാരണം. ഈ പുറത്താക്കൽ അന്ന് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അന്ന് മാധ്യമങ്ങളെല്ലാം മങ്കാദിനെ വിമര്‍ശിച്ച് രംഗത്തു വന്നെങ്കിലും ഓസീസ് ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഡോണ്‍ ബ്രാഡ്മാന്‍ അനുകൂലിച്ചു.
കപില്‍ ദേവ്
ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവും മങ്കാദിങിലൂടെ എതിര്‍ താരത്തെ വീഴ്ത്തിയിട്ടുണ്ട്. 1992-ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ പീറ്റര്‍ കേസ്റ്റണിനെയാണ് കപിൽ പുറത്താക്കിയത്. കളിയില്‍ ഇത്തരത്തിൽ പല തവണ പുറത്താക്കാൻ ശ്രമിച്ച കപിലിന് അമ്പയർ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ഒടുവില്‍ അപ്പീല്‍ നല്‍കിയതോടെ അമ്പയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു.
മുരളി കാര്‍ത്തിക്
ഇന്ത്യയുടെ മുന്‍ സ്പിന്നറായ മുരളി കാര്‍ത്തിക് ഒരു രണ്ടു തവണയാണ് എതിര്‍ താരത്തെ മങ്കാദിങിലൂടെ കുടുക്കിയത്. രഞ്ജി ട്രോഫിയിൽ ബംഗാൾ ബാറ്റ്സ്മാൻ സന്ദീപൻ ദാസിനെയാണ് ആദ്യം ഇത്തരത്തിൽ കാർത്തിക് ആദ്യം പുറത്താക്കിയത്. രണ്ടാമതായി ഇംഗ്ലീഷ് കൗണ്ടിയില്‍ സറേയ് താരമായിരുന്ന കാർത്തിക് അലെസ്‌ക് ബാറോയെ പുറത്താക്കിയാണ് മങ്കാദിങ് വിമര്‍ശനം നേരിട്ടത്.