ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് ശ്രീലങ്കൻ പേസർ ലസിത് മലിംഗ. പന്ത്രണ്ട് മണിക്കൂർ പോലും ഇടവേളയില്ലാതെ ഇന്ത്യയിലും ശ്രീലങ്കയിലും കളിച്ച് പത്ത് വിക്കറ്റ് വീഴ്ത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലിംഗ.
രണ്ട് രാജ്യങ്ങളിലായി 12 മണിക്കൂറിനിടെ മലിംഗ വീഴ്ത്തിയത് പത്ത് വിക്കറ്റുകൾ - ഐപിഎല്‍ 2019
ഐപിഎല്‍ മത്സരത്തിന് ശേഷം മലിംഗ നേരെപോയത് ശ്രീലങ്കയിലെ പ്രൊവിൻഷ്യല്‍ കപ്പ് കളിക്കാൻ.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച് മണിക്കൂറുകൾക്കകം മലിംഗ പ്രൊവിൻഷ്യല്‍ കപ്പ് കളിക്കാനായി ശ്രീലങ്കയിലേക്ക് പോയി. മുംബൈക്കായി 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മലിംഗ കാൻഡിക്കെതിരെ ഗാലെ ടീമിനായി 49 റൺസ് വിട്ടുകൊടുത്ത് വീഴ്ത്തിയത് ഏഴ് വിക്കറ്റുകളാണ്. ലിസ്റ്റ് എ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മലിംഗ പുറത്തെടുത്തത്. ശ്രീലങ്കയുടെ ഏകദിന നായകനായ മലിംഗക്ക് ഏപ്രിലില്‍ ഐപിഎല്ലില്‍ കളിക്കാനായി ലങ്കൻ ക്രിക്കറ്റ് ബോർഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി ശ്രീലങ്കയില്‍ നടക്കുന്ന ആഭ്യന്തര ടൂർണമെന്‍റില്‍ കൂടി കളിക്കണമെന്ന തീരുമാനം മലിംഗയുടെയായിരുന്നു.
ക്രിക്കറ്റിനോട് മലിംഗയ്ക്കുള്ള ആത്മാർത്ഥതയേയും കഠിനാധ്വാനത്തെയും പ്രശംസിച്ച് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യൻസ് രംഗത്തെത്തി. ലോകകപ്പ് അടുത്തിരിക്കെ ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കില്‍ താരത്തിന്‍റെ പ്രകടനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.