ഇന്ത്യൻ പ്രീമിയില്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. മൊഹാലിയില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ് ഇലവൻ പഞ്ചാബും തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തോടെയാണ് ഇന്നിറങ്ങുന്നത്. പഞ്ചാബ് മുംബൈ ഇന്ത്യൻസിനെയും ഡല്‍ഹി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയുമാണ് തോല്‍പ്പിച്ചത്. സൂപ്പർ ഓവറിലായിരുന്നു ഡല്‍ഹിയുടെ ജയം. അതേസമയം മുംബൈ ഇന്ത്യൻസിനെതിരെ അനായാസ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇരുടീമുകൾക്കും നാല് പോയിന്‍റ് വീതമുണ്ട്.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന യുവനിരയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കരുത്ത്. ബാറ്റിംഗില്‍ പൃഥ്വി ഷാ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നീ യുവതാരങ്ങൾക്ക് പുറമെ ഇന്ത്യയുടെ മുതിർന്ന താരമായ ശിഖർ ധവാനും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ വിജയം ടീമിന്‍റെ ആത്മവിശ്വാസം നല്ല രീതിയില്‍ വർധിപ്പിച്ചിട്ടുണ്ടെന്ന് ഡല്‍ഹിയുടെ ഉപദേശകൻ സൗരവ് ഗാംഗുലി പറഞ്ഞു. ബൗളിംഗില്‍ ദക്ഷിണാഫ്രിക്കൻ പേസർ റബാഡ പ്രധാന പേസറാകുമ്പോൾ ഇന്ത്യൻ താരം ഇഷാന്ത് ശർമ്മ ഇന്ന് ടീമില്‍ തിരിച്ചെത്തിയേക്കും. സ്പിന്നർമാരായി നേപ്പാൾ യുവതാരം സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും തന്നെയാകും ഇറങ്ങുക. ക്രിസ് മോറിസും ഹനുമ വിഹാരിയും ഓൾറൗണ്ടർമാരായി ടീമിലിടം നേടും.
മറുവശത്ത് ബാറ്റിംഗിന്‍റെ കരുത്തില്‍ മാത്രമാണ് കിംഗ്സ് ഇലവൻ പഞ്ചാബ് ഈ സീസണില്‍ പിടിച്ചുനില്‍ക്കുന്നത്. യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയിലിനോടൊപ്പം കെഎല്‍ രാഹുല്‍ ഫോമില്‍ തിരിച്ചെത്തിയത് ടീമിന് ആശ്വാസം പകരുന്നതാണ്. മധ്യനിരയില്‍ മായങ്ക് അഗർവാൾ, സർഫറാസ് ഖാൻ, ഡേവിഡ് മില്ലർ, മന്ദീപ് സിംഗ് എന്നിവർ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബൗളിംഗിലെ പോരായ്മകളാണ് പഞ്ചാബിന്‍റെ ഏറ്റവും വലിയ തലവേദന. മുഹമ്മദ് ഷമി, ആൻഡ്രൂ ടൈ, ഹാർഡസ് വില്‍ജോവൻ എന്നിവർ വിക്കറ്റുകൾ വീഴ്ത്തുന്നുണ്ടെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതില്‍ നിയന്ത്രണമില്ല. നായകനായ രവിചന്ദ്രൻ അശ്വിനും യുവതാരം മുരുഗൻ അശ്വിനുമാണ് പഞ്ചാബിന്‍റെ സ്പിന്നർമാർ.
ഐപിഎല്ലില്‍ ഇരുടീമുകളും ഇതുവരെ 20 തവണ ഏറ്റുമുട്ടിയപ്പോൾ പതിനൊന്ന് മത്സരങ്ങളില്‍ പഞ്ചാബും ഒമ്പത് മത്സരങ്ങളില്‍ ഡല്‍ഹിയും ജയിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയാല്‍ മാത്രമേ ഇരുടീമുകൾക്കും ഇന്ന് ജയിക്കാനാകു.