ബൗളർമാർക്കെതിരെ വിമർശനവുമായി കോലി - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
അവസാന നാല് ഓവറുകളിലെ കൃത്യതയില്ലാത്ത ബൗളിംഗാണ് കൊൽക്കത്തക്കെതിരെയുള്ള തോൽവിക്ക് കാരണമെന്ന് കോലി കുറ്റപ്പെടുത്തി. അവസാന 24 പന്തുകളില്‍ 66 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർമാരെ രൂക്ഷമായി വിമർശിച്ച് നായകന്‍ വിരാട് കോലി. ഐപിഎല്ലിലെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിക്ക് പിന്നാലെയാണ് ബാംഗ്ലൂർ ബൗളർമാരെ വിമർശിച്ച് നായകൻ രംഗത്തെത്തിയത്. അവസാന നാല് ഓവറുകളിലെ കൃത്യതയില്ലാത്ത ബൗളിംഗാണ് തോൽവിക്ക് കാരണമെന്ന് മത്സര ശേഷം കോലി കുറ്റപ്പെടുത്തി. 13 പന്തില്‍ 48 റണ്‍സ് നേടിയ ആന്ദ്രേ റസലിന്‍റെ ഇന്നിംഗ്സായിരുന്നു വിജയം നേടാമെന്നുള്ള കോലിയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കൊഴിച്ചത്. 13 പന്തില്‍ 53 റണ്‍സെടുത്ത റസലും ഗില്ലുമാണ് സ്വപ്ന തുല്യമായ ജയം കൊൽക്കത്തക്ക് സമ്മാനിച്ചത്. സെയ്‌നി എറിഞ്ഞ 17-ാം ഓവറില്‍ 13 റണ്‍സ്, 18-ാം ഓവറില്‍ 23 റണ്‍സ്. ഡെത്ത് ഓവറുകളിലെ സ്ലോ ബോളുകള്‍ക്ക് പേരുകേട്ട സൗത്തിയുടെ 19-ാം ഓവറില്‍ പിറന്നത് 29 റണ്‍സ് എന്നിങ്ങനെയാണ് അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വഴങ്ങിയത്. അവസാന 24 പന്തുകളില്‍ 66 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഇതോടെ അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.